വർക്കല: നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് പോലീസിന്റെ വ്യാപക പരിശോധന.
വർക്കല, അയിരൂർ പോലീസ് സ്റ്റേഷൻ പരിധികളിലെ 12 സ്പാകളിൽ ഒരേസമയം നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾ പൂട്ടിച്ചു.
നടത്തിപ്പുകാരിയും ഇടപാടുകാരും ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മതിയായ ലൈസൻസോ ആവശ്യമായ രേഖകളോ ഇല്ലാതെ പ്രവർത്തിച്ച അഞ്ച് സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റ് ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
ഇടവ കാപ്പിലിൽ വാടകയ്ക്കെടുത്ത ഹോംസ്റ്റേ കേന്ദ്രീകരിച്ച് സ്പാ എന്ന പേരിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി.

