തിരുവനന്തപുരം:എല്ലാവര്ക്കും ഏറ്റവും സൗകര്യമായി സിനിമ കാണാന്‍ കഴിയുന്ന മേളയാകും 31ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സിനിമാ, സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. ഇത്തവണത്തെ മേളയില്‍ രാവിലെ ഏഴ് മണിക്ക് ആദ്യ ഷോ ഒരുക്കും.
രാത്രി വൈകിയും പ്രദര്‍ശനങ്ങള്‍ ഒരുക്കി തിരക്ക് നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു. ദീര്‍ഘനേരം കാത്തുനിന്നിട്ട് സിനിമ കാണാന്‍ കഴിയാതെ വരുന്ന സാഹചര്യം ഒഴിവാക്കും. ടാഗോർ തിയറ്ററിൽ 24 മണിക്കൂറും പ്രദർശനം ഉണ്ടാകും.
31 ആമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉള്ളടക്കം കൊണ്ടും സംഘാടനം കൊണ്ടും ജനകീയത കൊണ്ടും വ്യത്യസ്തമാണ് എന്നും ഐഎഫ്എഫ്കെ. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊപ്പം സാധാരണക്കാരായ സിനിമാ ആസ്വാദകരും എത്തുന്നു എന്നതാണ് മേളയുടെ പ്രത്യേകത. മേളയുടെ ഈ ജനകീയത നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്ര മേള തിരുവനന്തപുരത്ത് തന്നെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
മേളയിലെത്തുന്ന വിദേശികളെ സംസ്ഥാന ടൂറിസം വകുപ്പ് മുന്‍കൈ എടുത്ത് കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കൊണ്ടുപോകാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. മാനവീയം വീഥിയിലെ സാംസ്കാരിക പരിപാടികള്‍ക്കൊപ്പം കനകക്കുന്നില്‍ ആറ് ദിവസങ്ങളില്‍ അനുഷ്ഠാനകലകളുടെ അവതരണം ഉണ്ടാകും. സാംസ്കാരിക വകുപ്പും ടൂറിസം വകുപ്പും ചേര്‍ന്നാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള എല്ലാ അക്കാദമികളും ഇത്തവണ മേളയുമായി സഹകരിച്ച് പരിപാടികള്‍ ഒരുക്കുന്നുണ്ട്.
തിരുവനന്തപുരം ഗവൺമെന്റ് ഗസ്റ്റ് ഹൌസിൽ നടന്ന ചടങ്ങിൽ എംഎല്‍എമാരായ എന്‍ ശക്തന്, എം വിന്‍സെന്റ്, വി മുരളീധരന്, സുധീര്‍ഷാ പാലോട്, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ഇമ്പശേഖര്‍, ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ, വൈസ് ചെയർപേഴ്സൺ പ്രിയങ്ക നായർ, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ എം രഞ്ജിത്ത്, ലളിതാ കലാ അക്കാദമി ചെയര്മാന് പ്രൊഫ. പ്രകാശ് മൂര്‍ത്തി എന്നിവരെ കൂടാതെ വിവിധ ജനപ്രതിനിധികളും ചലച്ചിത്ര പ്രവർത്തകരും അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചലച്ചിത്ര സംഘടനാ പ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.

