തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 21 സ്‌കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ. ഇന്ന് രാവിലെ അഞ്ച് മണി മുതൽ എട്ട് മണി വരെയായിരുന്നു പരിശോധന. ആകെ 4,504 സ്‌കൂൾ ബസുകളാണ് പരിശോധിച്ചത്.
പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഡ്രൈവർമാർ പിടിയിലായത്. രണ്ട് ജില്ലകളിൽ നിന്ന് അഞ്ചുപേർ വീതം പിടിയിലായി. കോട്ടയത്ത് മൂന്ന്, കണ്ണൂരിൽ രണ്ട്, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, ഇടുക്കി, കൊച്ചി സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ ഓരോ കേസ് വീതവും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

