തിരുവനന്തപുരം:ഉത്സവകാലത്ത് സപ്ലൈകോ ഫെയറുകൾ ജനങ്ങൾക്ക് ആശ്വാസമാകുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിന് സമീപത്തെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വെച്ച് നടന്ന വിഷു ഈസ്റ്റർ റംസാൻ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്തുന്നതിൽ സപ്ലൈകോ വില്പനശാലകൾ വലിയ പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആന്ധ്രയിൽ നിന്നുള്ള ജയ അരി ലഭ്യമാക്കുന്നതിന് കേന്ദ്ര ഗവൺമെൻ്റിനോട് അഭ്യർത്ഥിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു. ഉത്സവകാലത്ത് കൂടുതൽ പച്ചരി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ഉത്സവകാലങ്ങളിൽ രണ്ടാം ശനി, ഞായർ എന്നീ ദിവസങ്ങളിൽ പ്രധാനപ്പെട്ട സപ്ലൈകോ ഔട്ട്ലെറ്റുകൾ പ്രവർത്തിപ്പിക്കാൻ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. ഗോഡൗണുകളിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ
ജിപിഎസ് ഘടിപ്പിച്ച് ഭക്ഷ്യധാന്യ ചോർച്ച തടയുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. രണ്ടുമാസക്കാലം ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുവാൻ കഴിയുന്ന രൂപത്തിലുള്ള ശാസ്ത്രീയ ഗോഡൗണുകൾ എല്ലാ താലൂക്കിലും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ ഔട്ട്ലെറ്റുകളുടെ സർവർ കപ്പാസിറ്റി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മൊബൈൽ മാവേലിസ്റ്റോറുകൾ ഉത്സവ നാളുകളിൽ വിൽപ്പന നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആൻ്റാണി രാജു അധ്യക്ഷത വഹിച്ചു. സപ്ലൈകോ സിഎംഡി സഞ്ജീവ് പട്ജോഷി ഐപിഎസ് സ്വാഗതവും റീജണൽ മാനേജർ ജലജാറാണി നന്ദിയും പറഞ്ഞു.

