തിരുവനന്തപുരം: വാഹനാപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നവർക്കു 5000 രൂപ പാരിതോഷികം നൽകുന്ന കേന്ദ്രപദ്ധതി കേരളവും നടപ്പാക്കും. കേന്ദ്ര റോഡ്– ഹൈവേ– ഗതാഗത മന്ത്രാലയം കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ചതാണ് പദ്ധതി.ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി അധ്യക്ഷനും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവർ അംഗങ്ങളുമായി പദ്ധതിയുടെ സംസ്ഥാനതല മേൽനോട്ട സമിതി രൂപീകരിച്ചു. പാരിതോഷികം നൽകേണ്ടവരെ വിലയിരുത്താൻ കലക്ടർമാരുടെ അധ്യക്ഷതയിൽ ജില്ലാതല സമിതികൾ വരും. റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ (ആർടിഒ) കൺവീനറായ സമിതിയിൽ ജില്ലാ മെഡിക്കൽ ഓഫിസർ, സൂപ്രണ്ട് ഓഫ് പൊലീസ് (ട്രാഫിക്കും റോഡ് സുരക്ഷയും) എന്നിവർ അംഗങ്ങളാണ്. പ്രതിമാസ യോഗം ചേർന്നു പാരിതോഷികം നൽകേണ്ടവരുടെ പട്ടിക സമിതി സമർപ്പിക്കും.


