തിരുവനന്തപുരം: ഐശ്വര്യത്തിന്റേയും കാർഷിക സമൃദ്ധിയുടേയും ഓർമകൾ പുതുക്കി ഇന്ന് വിഷു . കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി. മേടമാസപ്പുലരിയിൽ ഐശ്വര്യക്കാഴ്ചകളിലേക്ക് കൺതുറന്ന് മലയാളികൾ വിഷുവിനെ വരവേറ്റു. മുഖ്യമന്ത്രിയും ഗവർണറുമടക്കമുള്ളവരെല്ലാം മലയാളികൾക്ക് വിഷു ആശംസ നേർന്നു. വിഷു ആഘോഷം കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും കരുത്ത് വർധിപ്പിക്കുന്നതാകട്ടെയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ. ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ഒരുമയുടെയും കൈനീട്ടം നല്കി വിഷു നമ്മെ അനുഗ്രഹിക്കട്ടെയെന്നായിരുന്നു ഗവർണർ ആശംസിച്ചത്.


