തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ‘പശ അനീഷിനെ’ നാലാമതും കാപ്പാ ചുമത്തി അറസ്റ്റ് ചെയ്തു. പശ അനീഷ് എന്ന് വിളിക്കുന്ന അനീഷിനെ (36) കഴക്കൂട്ടം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. നിരവധി കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, അടിപിടി കേസുകള്‍ എന്നിവയില്‍ പ്രതിയാണ് അനീഷ്. കാപ്പാ നിയമപ്രകാരം മൂന്ന് തവണ അറസ്റ്റിലായ പ്രതി ഒന്നേമുക്കാല്‍ വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
മൂന്നാം തവണ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പങ്കാളിയാണ്. ഈ അടുത്ത് കൂട്ടാളികളുമായി ചേര്‍ന്ന് കഴക്കൂട്ടം സെന്റ് ആന്‍ഡ്രൂസ് ജംങ്ഷന് സമീപം ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായതോടെയാണ് കാപ്പാ ചുമത്തി കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന് പുറമേ പ്രതിക്കെതിരെ മറ്റ് കേസുകളുമുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറയിച്ചു.
പുത്തന്‍തോപ്പ് സ്വദേശിയെ തട്ടിക്കൊണ്ട് പോയി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് കടയില്‍ കയറി മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്. പൗണ്ട്കടവ് സ്വദേശിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ് തുടങ്ങി 12ഓളം കേസുകളാണ് പ്രതിയുടെ പേരിലുള്ളത്.