തിരുവനന്തപുരം:വഞ്ചിയൂരിൻ മാധ്യമ പ്രവർത്തകന് നേരെ പൊലീസ് അതിക്രമമെന്ന് പരാതി.മലയാള മനോരമയ്ക്കു വേണ്ടി പൊതുചടങ്ങിന്റെ ചിത്രമെടുക്കാൻ എത്തിയ മാധ്യമ പ്രവർത്തകൻ ബെന്നി പോളിനു നേരെ പൊലീസ് അതിക്രമം നടത്തിയത്. മോശമായ പെരുമാറ്റവും കയ്യേറ്റവും ചോദ്യം ചെയ്തപ്പോൾ വഞ്ചിയൂർ സിഐ വി.വി.ദിപിനും സംഘവും ബെന്നിയെ പിടിച്ചുവലിച്ചു ജീപ്പിൽ തള്ളിയിട്ടു വഞ്ചിയൂർ സ്റ്റേഷനിലേക്കു കൊണ്ടുപോയി. വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകരോടും സിഐ മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.
സ്റ്റേഷനു മുന്നിൽ മാധ്യമ പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിച്ചു. വിവരമറിഞ്ഞെത്തിയ അസി. കമ്മിഷണർ ഡി.കെ.പൃഥ്വിരാജിന്റെ നിർദേശപ്രകാരം രണ്ടു മണിക്കൂറിനു ശേഷമാണു സ്റ്റേഷനിൽ നിന്നു വിട്ടത്. ഇന്നലെ വൈകിട്ട് പാറ്റൂർ മാർത്തോമ്മാ പള്ളിയിൽ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ അനുസ്മരണ സമ്മേളനത്തിന്റെ ചിത്രമെടുക്കാൻ എത്തിയപ്പോഴാണു സംഭവം.


