നെയ്യാറ്റിന്‍കര: സി.പി.ഒയുടെ മരണത്തിനു കാരണം മേലുദ്യോഗസ്ഥരുടെ പീഡനവും സാമ്പത്തിക പ്രതിസന്ധിയുമെന്ന് ആത്മഹത്യാക്കുറിപ്പ്. നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ സി.പി.ഒ.യായ മാരായമുട്ടം കാക്കണം മാതാപുരം റയാന് ഭവനില്‍ എസ്.ജെ.സജി(37)യാണ് ജീവനൊടുക്കിയത്. അവധി അപേക്ഷ പരിഗണിക്കാതെ നിരന്തരം മേലുദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നാണ് ആക്ഷേപം.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലിലെ മുറിയിലാണ് വ്യാഴാഴ്ച രാത്രി തൂങ്ങിയനിലയില്‍ സജിയുടെ മൃതദേഹം കണ്ടത്. മേയ് 2-ന് രാവിലെ എട്ടുമണിക്ക് ജോലിക്കു പോകാനെന്നു പറഞ്ഞാണ് സജി വീട്ടില്‍നിന്നു പോയത്. വൈകീട്ട് കാണാതായപ്പോള്‍ ഭാര്യ എം.എസ്.ആശ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അടുത്ത ദിവസം വരുമെന്ന് അറിയിച്ചു. അടുത്ത ദിവസവും വൈകി കാണാതായതോടെ വിളിച്ചപ്പോള്‍ അടുത്ത ദിവസം വരുമെന്നറിയിച്ചു.
പിന്നെ ഫോണില്‍ വീട്ടുകാര്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫാണെന്ന അറിയിപ്പാണ് ലഭിച്ചത്. തുടര്‍ന്ന് സജിയുടെ അച്ഛന് ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ കമ്മിറ്റി അംഗം എല്‍.ആര്.സുദര്ശനകുമാര് മാരായമുട്ടം പോലീസില്‍ പരാതി നല്കി. പോലീസ് ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

