തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡിൽ നിറുത്തിയിട്ടിരുന്ന സൂപ്പർ ഫാസ്റ്റ് ബസിന് തീപിടിച്ചു.
തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് സർവീസ് നടത്താനിരുന്ന ബസിന്റെ അടിഭാഗത്താണ് തീപടർന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
തീപിടിച്ച സമയം ബസിൽ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ അടിഭാഗത്തുനിന്ന് പുകയും തീയും ഉയരുന്നത് കണ്ട ഉടൻ കണ്ടക്ടറും ഡ്രൈവറും ചേർന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.
തീ ആളിപ്പടരുന്നതിന് മുമ്പ് കെ.എസ്.ആർ.ടി.സി ജീവനക്കാർ തീ നിയന്ത്രണവിധേയമാക്കിയതിനാൽ വലിയ അപകടം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും പരിശോധന നടത്തിവരികയാണെന്നും കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു


