ഉത്സവ ലഹരിയിൽ തലസ്ഥാനം; ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

IMG_20260823_181616_(1200_x_628_pixel)

തിരുവനന്തപുരം:വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. നാളെ (ആഗസ്റ്റ് 24 ന് ) വൈകിട്ട് 5.30 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ തിരി തെളിയിക്കുന്നതോടെ നാടെങ്ങും ഓണോത്സവ തിമിർപ്പിലലിയും. ടൂറിസം,

സാംസ്‌കാരികം,സിനിമ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മേയർ വി. വി രാജേഷ്, ഡോ. ശശി തരൂർ എംപി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

 

ഉദ്ഘാടനത്തോടനുബന്ധിച്ച് ചലച്ചിത്രതാരം ശോഭനയുടെ നൃത്താവിഷ്‌കാരത്തോടെ കലാപരിപാടികൾക്കും തുടക്കമാകും. ആഗസ്റ്റ് 30 വരെ നടക്കുന്ന ഓണം വാരാഘോഷത്തിൽ തലസ്ഥാനത്ത് മാത്രം 35 വേദികളിൽ 340ലേറെ കലാപരിപാടികളാണ് അവതരിപ്പിക്കപ്പെടുന്നത്. 3,000 ത്തോളം കലാകാരന്മാർ അരങ്ങിലും അണിയറയിലുമായെത്തും. ഇതിനു പുറമെ വിവിധ ജില്ലകളിലും നൂറുകണക്കിന് വേദികളാണ് സജ്ജമാകുന്നത്. ഇത്തവണത്തെ ഓണം വാരാഘോഷത്തിൽ സംസ്ഥാനത്താകെ 8000 ലേറെ കലാകാരന്മാർ പങ്കാളികളാകും.

കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്. നാടൻ കലകളുടെയും പരമ്പരാഗത കലാരൂപങ്ങളുടെയും സവിശേഷ അവതരണങ്ങൾക്ക് കൂടുതൽ പ്രാധാന്യമേകിയിരിക്കുന്നു. ആഗസ്റ്റ് 25 മുതൽ 30 വരെ എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ 9 മണി വരെ വിവിധ നാടൻ കലാരൂപങ്ങൾ അരങ്ങേറും.

 

മുടിയേറ്റ്, പത്മശ്രി രാമചന്ദ്ര പുലവരുടെ തോൽപ്പാവക്കൂത്ത്, പടയണി, അർജുനനൃത്തം, പൂതനും തിറയും, സംസ്‌കാര സാഹിതിയുടെ ഫോക്ക്ലോർ ഫ്യൂഷൻ എന്നിവയാണ് നിശാഗന്ധിയിൽ അവതരിപ്പിക്കുന്ന പ്രധാന പരിപാടികൾ. കനകക്കുന്നിലെ സോപാനം, നാട്ടരങ്ങ് എന്നീ വേദികളിലും നാടൻ കലാരൂപങ്ങൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.

 

കോവളം ഉൾപ്പെടെ തലസ്ഥാനത്തെ മറ്റ് വേദികളിലും വിവിധ ജില്ലകളിലെ ഡി.ടി.പി.സി.കളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിലും നിരവധി നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കും.

 

ഇത്തവണത്തെ ഓണാഘോഷത്തിന് കൂടുതൽ വൈവിധ്യവും ജനപങ്കാളിത്തവും ഉറപ്പാക്കുന്നതിനായി 14 പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ സർക്കാരുമായി സഹകരിക്കുന്നുണ്ട്. നിശാഗന്ധി, സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര എന്നിവിടങ്ങളിലായി പ്രമുഖ കലാകാരന്മാരെ അണിനിരത്തി വിവിധ പരിപാടികളാണ് ഇവർ ഒരുക്കുന്നത്. മാതൃഭൂമി, മലയാള മനോരമ, കേരള കൗമുദി, ടൈംസ് ഓഫ് ഇന്ത്യ, മാധ്യമം വീക്ഷണം, ദേശാഭിമാനി, മംഗളം , ന്യൂസ് മലയാളം 24*7, മീഡിയവൺ, എ.സി.വി., കൈരളി, ജീവൻ ടി.വി., ജനം ടി.വി., എന്നീ മാധ്യമ സ്ഥാപനങ്ങളാണ് വിവിധ പരിപാടികൾ അവതരിപ്പിക്കുന്നത്.

 

ഉണ്ണി മേനോൻ, ഹരിശങ്കർ, അനൂപ് ശങ്കർ, വിനീത് ശ്രീനിവാസൻ, ഹരീഷ് ശിവരാമകൃഷ്ണൻ, സൂരജ് സന്തോഷ്, നിത്യ മാമൻ, മധു ബാലകൃഷ്ണൻ, അരവിന്ദ് വേണുഗോപാൽ, മഞ്ജരി, വൈക്കം വിജയലക്ഷ്മി, അഭയ ഹിരൺമയി, സച്ചിൻ വാര്യർ തുടങ്ങിയ പ്രമുഖ ഗായകരും സംഗീതജ്ഞരും വിവിധ പരിപാടികളിൽ പങ്കെടുക്കും. കൂടാതെ, കൈതപ്രം ദാമോദരൻ നമ്പൂതിരി, വയലാർ ശരത്ചന്ദ്ര വർമ്മ, കാവാലം ശ്രീകുമാർ എന്നിവർക്കൊപ്പം നിരവധി പ്രമുഖ കലാകാരന്മാരും ഓണാഘോഷത്തിന്റെ ഭാഗമാകും.

 

കനകക്കുന്ന് വളപ്പിലെ ആഘോഷമേഖലയെ ബിസിനസ് സോൺ, ഫ്യൂച്ചർ സോൺ, ആർട്ട് ആൻഡ് കൾച്ചർ സോൺ, ഫുഡ് സോൺ എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങളെ ആകർഷിക്കുന്ന നിരവധി ഇന്ററാക്ടീവ് വിനോദങ്ങളും അനുഭവപരിപാടികളും ഇവിടെ ഒരുക്കും.

 

കേരളത്തിന്റെ കലാപൈതൃകത്തെ അടുത്തറിയാൻ അവസരമൊരുക്കുന്ന ലൈവ് സെഷനുകളും ഉണ്ടാകും. തോൽപ്പാവക്കൂത്ത്, കഥകളി ചമയം, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങളെയും അവയുടെ പിന്നിലെ കലാപ്രക്രിയകളെയും നേരിട്ട് പരിചയപ്പെടാൻ ഇത്തരം സെഷനുകളിലൂടെ അവസരമൊരുക്കും.

 

സമാപന ദിനത്തിൽ നഗരവീഥികളിൽ ദൃശ്യവിരുന്നൊരുക്കിയുള്ള ഓണം ഘോഷയാത്ര അവിസ്മരണീയമായ കാഴ്ചകളാകും കാണികൾക്ക് സമ്മാനിക്കുക. മാനവീയം വീഥിയിൽ നിന്നും 5 മണിക്ക് ആരംഭിച്ച് ഘോഷയാത്ര കിഴക്കേ കോട്ടയിൽ അവസാനിക്കും. 62 സർക്കാർ വകുപ്പുകൾ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോക്ക് കലാരൂപങ്ങൾ ഉൾപ്പെടെ നൂറിലേറെ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും.ഇതോടൊപ്പം ഘോഷയാത്ര ഉദ്ഘാടന സ്ഥലത്ത് കൊച്ചി നേവി ബാൻഡ് ഉണ്ടാകും. ഘോഷയാത്ര വീക്ഷിക്കുന്നതിന് വിവിധ പവലിയനുകൾ ഉണ്ടാകും. കൂടാതെ, വിദേശ വിനോദ സഞ്ചാരികൾക്ക് സൗകര്യപൂർവം ഘോഷയാത്ര വീക്ഷിക്കുന്നതിനു പ്രത്യേക പവലിയൻ ഇത്തവണ ഒരുക്കുന്നുണ്ട്. ഓണം ടൂറിസം വാരാഘോഷത്തിന്റെ സമാപന ദിവസം ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായിരിക്കും.

 

ഓണാഘോഷത്തിനെത്തുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും വിപുലമായ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കുന്നത്. പാർക്കിങ് സൗകര്യം, ഗതാഗതനിയന്ത്രണം, ജനക്കൂട്ട നിയന്ത്രണം എന്നിവയ്ക്കായി പ്രത്യേക സംവിധാനങ്ങളും ഏർപ്പെടുത്തും.

 

ഓണാഘോഷ പരിപാടികൾ പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംഘടിപ്പിക്കുക. ഇതിനായി ശുചിത്വ മിഷനുമായി സഹകരിച്ച് ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്.

 

കനകക്കുന്നിൽ പോലീസ് കൺട്രോൾ റൂമിനോട് ചേർന്ന് കേരള പോലീസിന്റെ വിവിധ സേവനങ്ങളും ജനകീയ പദ്ധതികളും ബോധവൽക്കരണ പ്രവർത്തനങ്ങളും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി പ്രത്യേക പോലീസ് സ്റ്റാൾ സജ്ജീകരിക്കും. വനിതാ സെൽഫ് ഡിഫൻസ് ടീമിന്റെ തത്സമയ സ്വയംരക്ഷാ പ്രദർശനം, ട്രാഫിക് ബോധവൽക്കരണ പരിപാടികൾ, പോലീസ് സേവനങ്ങളെയും ജനകീയ പദ്ധതികളെയും പരിചയപ്പെടുത്തുന്ന വീഡിയോകൾ, പോസ്റ്ററുകൾ, ലഘുലേഖകൾ എന്നിവയും സ്റ്റാളിന്റെ ഭാഗമായി ഉണ്ടാകും.

 

കേരളത്തിന്റെ തനത് സംസ്‌കാരവും കലാപൈതൃകവും ആധുനിക വിനോദാനുഭവങ്ങളും ഒരേ വേദിയിൽ സമന്വയിപ്പിച്ചുകൊണ്ട് തലസ്ഥാനത്തെ ഓണാഘോഷത്തെ കൂടുതൽ ജനകീയവും ആകർഷകവും വിനോദസഞ്ചാര സൗഹൃദവുമാക്കുകയാണ് ഇത്തവണത്തെ സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷത്തിലൂടെ ലക്ഷ്യമിടുന്നത്. ആളും ആരവവുമായി ഇനിയുള്ള ഒരാഴ്ചക്കാലം തലസ്ഥാന നഗരം ഉത്സവ ലഹരിയിലാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!