തിരുവനന്തപുരം:കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി ‘റെഡ് റൺ’ മാരത്തോൺ മത്സരം സംഘടിപ്പിക്കുന്നു.
പ്രൊഫഷണൽ കോളേജുകൾ, ഐ.ടി.ഐ, പോളിടെക്നിക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
സെപ്റ്റംബർ 24ന് രാവിലെ 7.30ന് ചാക്ക കെ.എസ്.ഇ.ബി ജംഗ്ഷനിൽ നിന്നാരംഭിച്ച് ശംഖുമുഖം പാർക്ക് വരെയാണ് മാരത്തോൺ നടക്കുന്നത്.
ജില്ലയിലെ കോളേജുകളിൽ പഠിക്കുന്ന 17 നും 24 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് അവസരം. പങ്കെടുക്കുന്നവർ കോളേജ് ഐഡന്റിറ്റി കാർഡും വയസ്സ് തെളിയിക്കുന്ന രേഖയും ഹാജരാക്കണം. ഐ.ഡി കാർഡ് ലഭ്യമല്ലാത്തവർ കോളേജ് അധികാരിയുടെ സാക്ഷ്യപത്രം കരുതേണ്ടതാണ്.
ആൺ, പെൺ വിഭാഗങ്ങളിലായി വിജയിക്കുന്നവർക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായി ലഭിക്കും. ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും ലഭിക്കും.
താല്പര്യമുള്ള വിദ്യാർത്ഥികൾ സെപ്റ്റംബർ 22ന് രാവിലെ 11മണിക്ക് മുൻപായി iecbccreporttvm@gmail.com എന്ന ഇമെയിൽ വിലാസത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.



