തിരുവനന്തപുരം:നവരാത്രി ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
കേരള-തമിഴ്‌നാട് അതിർത്തിയിലും ഘോഷയാത്രയിലും വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികളും നിലവിലെ സാഹചര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
അതിർത്തി മേഖലകളിലും ഘോഷയാത്ര കടന്നുപോകുന്ന വഴികളിലും പ്രത്യേക സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്താൻ പൊലീസിന് നിർദ്ദേശം നൽകി. തമിഴ്നാട് പൊലീസുമായി ഏകോപനം ഉറപ്പാക്കി അതിർത്തിയിൽ യാത്രക്കാർക്ക് അനാവശ്യ തടസങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കും.
ഘോഷയാത്ര സുഗമമാക്കുന്നതിനായി താഴ്ന്നു കിടക്കുന്ന കേബിളുകളും വൈദ്യുതി ലൈനുകളും ഉയർത്തുന്നതിനും, തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തി. റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ പി.ഡബ്ല്യു.ഡിക്കും നിർദ്ദേശം നൽകി. വഴിയോരങ്ങളിൽ അപകടകരമായി നിൽക്കുന്ന മരച്ചില്ലകൾ വെട്ടിയൊതുക്കാനും കാടുകൾ വെട്ടിത്തെളിക്കാനും തീരുമാനമായി.
ഘോഷയാത്രയ്ക്കായി എത്തിക്കുന്ന ആനകളുടെ അന്തർസംസ്ഥാന യാത്രയ്ക്കുള്ള എൻ.ഒ.സി ലഭ്യമാക്കുന്ന നടപടികൾ ദേവസ്വം ബോർഡും വനം വകുപ്പും വേഗത്തിലാക്കും. ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്കുള്ള ആഹാരം, കുടിവെള്ളം എന്നിവയുടെ ക്രമീകരണത്തിന് റവന്യൂ വകുപ്പു ഉദ്യോഗസ്ഥർക്കും ജില്ലാ കളക്ടർ നിർദേശം നൽകി.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർഫോഴ്‌സിന്റെയും ആരോഗ്യവകുപ്പിന്റെയും സംഘം ഘോഷയാത്രയെ അനുഗമിക്കും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ കർശനമാക്കും. പ്ലാസ്റ്റിക് നിരോധനം കൃത്യമായി പാലിക്കാനും ശുചിത്വ മിഷൻ, നഗരസഭ, പഞ്ചായത്ത് എന്നിവയുടെ ഏകോപനത്തിൽ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി.
സബ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, വേളിമല കുമാരസ്വാമി ക്ഷേത്രം, ആര്യശാല, ചെന്തിട്ട ദേവീക്ഷേത്രങ്ങളിലെ പ്രതിനിധികൾ വിവിധ സംഘടനകളിലെ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

