തിരുവനന്തപുരം: കഴക്കൂട്ടത്ത് കൊച്ചുകുട്ടിയെ മടിയിലിരുത്തി സ്റ്റിയറിങ്ങിൽ പിടിപ്പിച്ച് അമിതവേഗതയിൽ കാറോടിച്ച ആളിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികളുമായി മോട്ടർ വാഹന വകുപ്പ്.
കാർ ഓടിച്ച വള്ളക്കടവ് സ്വദേശി സൈനലുബ്ദീനെ ആർടി ഓഫിസിൽ വിളിച്ചു വരുത്തി നോട്ടിസ് നൽകി. മകന്റെ കുഞ്ഞിനെ മടിയിലിരുത്തി ഇദ്ദേഹം കഴക്കൂട്ടം എയർപോർട്ട് റോഡിലെ മേൽപ്പാലത്തിലൂടെ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അപകടകരമായി വാഹനമോടിച്ചതിനും കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ പ്രവർത്തിച്ചതിനും സൈനലുബ്ദീനു നോട്ടിസ് നൽകിയതായി കഴക്കൂട്ടം ജോയിന്റ് ആർടിഒ ഡി.കെ.സുദീപ് പറഞ്ഞു.

