തിരുവനന്തപുരം: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നഗരം തന്നെ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് ഉണ്ടായിട്ടും, വെള്ളക്കെട്ടിനെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ ഇപ്പോഴും പാതി വഴിയിലാണ്. തലസ്ഥാന നഗരത്തിൽ 60 സ്ഥലങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.കിഴക്കേകോട്ടയിൽ വെള്ളം കയറുന്നതിന് കാരണം ഓടകൾ അടയുന്നതും ഓപ്പറേഷൻ അനന്തയുടെ ഭാഗമായി മാലിന്യങ്ങൾ ഒഴുകിപ്പോകാൻ നിർമ്മിച്ച കുഴികളാണെന്നും കണ്ടെത്തിയിരുന്നു.പാർവതി പുത്തനാറിൽ ചേരുന്ന തെക്കനക്കര കനാലിൽ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെട്ടതും വെള്ളപ്പൊക്കത്തിന് കാരണമാണ്.
ചെറിയ മഴ പെയ്താൽ പോലും മണക്കാട് കമലേശ്വരം റോഡിൽ വെള്ളം ഉയരാറുണ്ട്. ഇവിടത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ കൊണ്ടുവന്ന 8 കോടിയുടെ നബാർഡിന്റെ പദ്ധതി ഇപ്പോഴും പൂർത്തിയായിട്ടില്ല.തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ അഞ്ച് സെന്റിമീറ്റർ വരെ വെള്ളം ഉയരാറുണ്ട്. റോഡിന്റെ ചരിവുകൾ ഒരുപോലെയല്ലാത്തതാണ് ഇവിടത്തെ വെള്ളക്കെട്ടിന് കാരണം.മാഞ്ഞാലിക്കുളം, ചാല മാർക്കറ്റ് റോഡ്, ഇടപ്പഴിഞ്ഞി – ജഗതി റോഡ്, കണ്ണമ്മൂല പാലം, ഈഞ്ചയ്ക്കൽ – വള്ളക്കടവ്, കമലേശ്വരം – തിരുവല്ലം, കുണ്ടമൺകടവ് – കരിംകുളം, കലാകൗമുദി റോഡ്, ഗൗരീശപട്ടം, പൈപ്പിൻമൂട് – ഗോൾഫ് ലിങ്ക്സ് തുടങ്ങിയ റോഡുകളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്


