തിരുവനന്തപുരം: നിറംകൊണ്ട് പണി കിട്ടിയ നിലയിലാണ് കെ.എസ്.ആര്‍.ടി.സി ‘ഫീഡര്‍ ബസുകള്‍’.വെളുപ്പില്‍ ചെരിഞ്ഞ കട്ടിയുള്ള ചുവന്ന വരകളാണ് ബസിന്റെ നിറം. അപരിചിതമായ നിറമാണ് യാത്രക്കാരെ അകറ്റിനിര്‍ത്തുന്നത്. ഇത് കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക്‌ഷോപ്പ് വണ്ടിയാണന്നാണ് പലരും കരുതുന്നത്. കാഴ്ചയില്‍ അങ്ങനെ തോന്നിയാല്‍ കുറ്റംപറയാന്‍ പറ്റില്ല. സമയവും ഇന്ധനവും ലാഭിക്കാന്‍ തുടങ്ങിയ ‘ബൈപ്പാസ് റൈഡര്‍’ ബസുകളിലേക്ക് യാത്രക്കാരെ എത്തിക്കാനുള്ള ഫീഡര്‍ ബസുകളില്‍ കളക്ഷന്‍ തീരെ കുറവാണ്. ആളുകള്‍ തീരെ ബസില്‍ കയറുന്നില്ല.
ഓര്‍ഡിനറി ബസിന്റെ ചാര്‍ജ് മാത്രം എന്ന് എല്ലാ ഫീഡര്‍ ബസിനും മുന്നില്‍ എഴുതി തൂക്കാനൊരുങ്ങുകയാണിപ്പോള്‍ അധികൃതര്‍. എന്നാലും, നിറത്തിന്റെ പ്രശ്‌നം ബാക്കിയാണ്.12,000 രൂപയെങ്കിലും ഒരു ബസിന് പ്രതിദിനം കിട്ടിയാലേ നഷ്ടമില്ലാതെ ഓടിക്കാനാകൂ. പക്ഷേ, ഇപ്പോള്‍ വരുമാനം 1,200 രൂപയാണ് ശരാശരി കിട്ടുന്നത്.

