തിരുവനന്തപുരം :ജീവനക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി റവന്യൂ വകുപ്പ് തിരുവനന്തപുരം ജില്ലാ കലോത്സവം. ജില്ലാ കലോത്സവത്തിന്റെ ഭാഗമായി 26 ഇനങ്ങളിൽ കലാമത്സരങ്ങളും 12 ഇനങ്ങളിൽ കായിക മത്സരങ്ങളുമാണ് നടക്കുന്നത്. കിഴക്കേകോട്ട പ്രിയദർശിനി ഹാളിൽ തിങ്കളാഴ്ചയാരംഭിച്ച കലാമത്സരങ്ങളിൽ സംഗീത-നൃത്ത ഇനങ്ങളിലെ മത്സരങ്ങൾ സമാപിച്ചു. ശനിയാഴ്ച വരെയാണ് കലാമത്സരങ്ങൾ നടക്കുന്നത്. രചനാ മത്സരങ്ങൾ, മോണോ ആക്ട്, മിമിക്രി, നാടകം എന്നിവയാണ് അവസാനദിനത്തിലെ മത്സരങ്ങൾ. നിലവിൽ നെയ്യാറ്റിൻകര താലൂക്കാണ് പോയന്റടിസ്ഥാനത്തിൽ മുന്നിൽ. വ്യക്തിഗത ഇനത്തിൽ കാട്ടാക്കട താലൂക്ക് ഓഫീസ് ജീവനക്കാരിയായ സ്വാതി കൃഷ്ണയാണ് മുന്നിൽ.
ജില്ലാ റവന്യൂ മത്സരങ്ങളുടെ ഭാഗമായുള്ള കായിക ഇനങ്ങൾ ഏപ്രിൽ 19ന് ആരംഭിക്കും. സെൻട്രൽ സ്റ്റേഡിയം, പി.ടി.പി നഗറിലെ ലവ് ഓൾ സ്പോർട്സ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കായിക മത്സരങ്ങൾ നടക്കുക. കായിക മത്സരങ്ങൾ ഏപ്രിൽ 22ന് സമാപിക്കും. കലാമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്കും കായിക മത്സരങ്ങളിൽ വ്യക്തിഗതയിനത്തിൽ ഒന്നും രണ്ടും, ഗ്രൂപ്പിനത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്കും സംസ്ഥാന റവന്യൂ കലോത്സവത്തിൽ പങ്കെടുക്കാം. വിജയികൾക്കും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിനും ട്രോഫിയും സാക്ഷ്യപത്രവും നൽകും. 14 ജില്ലകളിലെയും റവന്യൂ വകുപ്പ് ജീവനക്കാർ പങ്കെടുക്കുന്ന സംസ്ഥാനതല റവന്യൂ കലോത്സവം മെയ് മാസം തൃശൂരിൽ നടക്കും.

