കാട്ടാക്കട: നെയ്യാർ-പേപ്പാറ വന്യജീവിസങ്കേത കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിനുപിന്നാലെ തെക്കൻ മലയോരമേഖലയിലെ ഭൂമി കൈമാറ്റം ഉൾപ്പെടെയുള്ളവ പ്രതിസന്ധിയിലേക്ക്. കള്ളിക്കാട്, അമ്പൂരി, കുറ്റിച്ചൽ, ആര്യനാട്, വിതുര പഞ്ചായത്ത് പ്രദേശത്ത് വിൽപ്പനയ്ക്കായി കരാർ ഉറപ്പിച്ചിരുന്ന നിരവധി ഇടപാടുകാർ ഭൂമി വാങ്ങുന്നതിൽ നിന്ന് പിൻമാറിയതോടെ ഭൂവുടമകളാകെ ആശങ്കയിലായി. റബർ തോട്ടങ്ങൾ ഉൾപ്പെടെയുള്ള ഭൂമി വാങ്ങാനായി ഉറപ്പിച്ചിരുന്ന നിരവധി പേർ ഭൂമി ഇടപാടുകൾ വേണ്ടെന്ന് തീരുമാനിച്ചു. ഭൂമിവാങ്ങുന്നതിനായി കരാർ ഉറപ്പിച്ച് അഡ്വാൻസായി നൽകിയ പണം ഉൾപ്പെടെ ഉപേക്ഷിച്ചാണ് പലരും ഭൂമിവാങ്ങുന്നതിൽ നിന്ന് പിൻവാങ്ങിയത്.
ഈ പഞ്ചായത്ത് പ്രദേശത്ത് ഏക്കർ കണക്കിന് ഭൂമി വിൽപ്പനയ്ക്കായുണ്ട്. എന്നാൽ ഇവിടങ്ങളിലേയ്ക്ക് രണ്ടാഴ്ച മുൻപുവരെ ഇടനിലക്കാരും ഭൂമിവാങ്ങുന്നവരുടെയുമൊക്കെ തിരിക്കായിരുന്നു. എന്നാൽ ഈ പ്രദേശങ്ങളിലിപ്പോൾ ആളനക്കംപോലും ഇല്ലാതായി.


