തിരുവനന്തപുരം :സംസ്ഥാനത്തെ പതിനാലായിരത്തിലധികം റേഷൻ കടകളിൽ ഒരു വിഭാഗം അടുത്ത മാസം മുതൽ സ്മാർട്. ജനങ്ങൾക്ക് മറ്റു സേവനങ്ങൾ കൂടി ലഭ്യമാക്കുന്ന സ്മാർട് റേഷൻ കടകളുടെ പ്രവർത്തനം മേയ് 20നു മുൻപ് ആരംഭിക്കും. സ്ഥലവും സൗകര്യവുമുള്ള എണ്ണൂറോളം കട ഉടമകൾ താൽപര്യം അറിയിച്ചിരുന്നു. അന്തിമ വിലയിരുത്തലിനായി ഈയാഴ്ച മന്ത്രി ജി.ആർ.അനിലിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും.
റേഷൻ കടകളിലെ ഇ പോസ് യന്ത്രം വഴി ബാങ്കിങ് സൗകര്യം നൽകുന്നതാണു പ്രധാന സവിശേഷത. ഇതിനായി നാലു ബാങ്കുകൾ താൽപര്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ എടിഎം വലുപ്പത്തിലുള്ള റേഷൻ കാർഡുകളിൽ ഇതിനായി ചിപ്പ് ഘടിപ്പിക്കേണ്ടി വരും. വൈദ്യുതി – വാട്ടർ ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം, മാവേലി സ്റ്റോർ സമീപമല്ലാത്ത ഗ്രാമങ്ങളിലെ റേഷൻ കടകളിൽ അത്തരം സാധനങ്ങളുടെ വിതരണം എന്നിവയാണ് മറ്റു സേവനങ്ങൾ


