തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലേക്ക്. എയര്‍ കാര്‍ഗോ കോംപ്ലക്സിന്റെ നടത്തിപ്പ് ചുമതലയുള്ള സര്‍ക്കാര്‍ ഏജൻസിയായ കെഎസ്ഐഇക്ക് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗം ലൈസൻസ് പുതുക്കി നൽകാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. കാര്‍ഗോ നീക്കം പ്രതിസന്ധിയിലാണെന്ന് കാണിച്ച് കെഎസ്ഐഇ കയറ്റുമതിക്കാര്‍ക്കും കത്ത് നൽകിയിട്ടുണ്ട്.
വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സുകളുടെ നടത്തിപ്പും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കേണ്ട ചുമതല സര്‍ക്കാര്‍ ഏജൻസിയായ കേരളാ സ്റ്റേറ്റ് ഇന്റസ്ട്രിയൽ എന്റര്‍ പ്രൈസസ് അഥവ കെഎസ്ഐഇ ആണ്. മാനദണ്ഡപ്രകാരമുള്ള സൗകര്യങ്ങളില്ലെന്ന് കാണിച്ചാണ് വ്യവസായ വകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് ഇനി ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗം തീരുമാനമെടുത്തത്.


