ഗുരുഭക്തിയുടെ നിറവിൽ ശാന്തിഗിരിയില്‍ പൂർണ്ണ കുംഭമേള

IMG-20220920-WA0067

 

പോത്തന്‍കോട്: വ്രതശുദ്ധിയുടെയും ഗുരുഭക്തിയുടെയും നിറവിൽ ശാന്തിഗിരി ആശ്രമത്തില്‍ പൂർണ്ണ കുംഭമേള ആഘോഷിച്ചു. രാവിലെ 5 ന് പര്‍ണശാലയില്‍ സന്ന്യാസ സംഘത്തിന്റെയും നിയുക്തരായവരുടെയും നേതൃത്വത്തില്‍ പ്രത്യേക പുഷ്പാജ്ഞാലി, തുടര്‍ന്ന് 6ന് ധ്വജം ഉയര്‍ത്തല്‍, സന്ന്യാസ സംഘത്തിന്റെ നേതൃത്വത്തില്‍ പുഷ്പസമര്‍പ്പണം, ഗുരുപാദവന്ദനം, പ്രസാദ വിതരണം എന്നിവയും ഉച്ചക്ക് 12ന് ആരാധനക്ക് ശേഷം ഗുരുപൂജയും ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും നടന്നു. ചടങ്ങുകള്‍ക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍‍ നേതൃത്വം നല്‍കി. വൈകിട്ട് അഞ്ചുമണിയോടുകൂടി കുംഭമേള ഘോഷയാത്രയ്ക്ക് തുടക്കമായി. ആശ്രമ സമുച്ചയത്തില്‍ പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്തു തയ്യാറാക്കിയ തീര്‍ത്ഥം മൺകുടങ്ങളില്‍ നിറച്ച്, പീതവസ്ത്രംകൊണ്ടു പൊതിഞ്ഞ്, വായ് വട്ടത്തിൽ ആലിലയും വെറ്റിലയും മാവിലയും അടുക്കി, നാളികേരം വച്ച്, പൂമാല ചാര്‍ത്തിയാണ് കുംഭങ്ങള്‍ ഒരുക്കിയത്. ഗുരുഭക്തര്‍ കുംഭങ്ങൾ ശിരസ്സിലേറ്റി ഘോഷയാത്രയായി ആശ്രമ സമുച്ചയം വലം വച്ചു. പരിശുദ്ധിയുടെ ശുഭ്രവസ്ത്രമണിഞ്ഞ വിശ്വാസികളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന അഖണ്ഡമന്ത്രധ്വനികൾ അന്തരീക്ഷത്തില്‍ പ്രതിധ്വനിച്ചു. പഞ്ചവാദ്യവും നാദസ്വരവും മുത്തുക്കുടകളും കുംഭമേളയുടെ അഴകിന് മാറ്റുകൂട്ടി. സ്റ്റീൽ തട്ടങ്ങളിൽ അരിയും പൂക്കളുമിട്ട് അലങ്കരിച്ച് ചന്ദനത്തിരി കൊളുത്തി , അരിയിൽ താഴ്ത്തിയ മുറിത്തേങ്ങയിൽ എണ്ണ പകർന്ന് തിരിയിട്ട് കത്തിച്ച ദീപവുമേന്തിയ ഭക്തരും കുംഭത്തെ അനുഗമിച്ചു. സങ്കല്പപ്രാർത്ഥനകളോടെ കുംഭങ്ങളും ദീപങ്ങളും ഗുരുസന്നിധിയില്‍ സമര്‍പ്പിച്ചു. ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ആത്മീയ അവസ്ഥാ പൂർത്തീകരണം നടന്ന 1973 കന്നി 4 നെ അനുസ്മരിച്ചുകൊണ്ടുള്ള ചടങ്ങാണ് പൂർണകുംഭമേള. 11 ദിവസത്തെ വ്രതാനുഷഠാനങ്ങളോടെയാണ് കുംഭം എടുക്കുന്നത് . തീരാവ്യാധികളും, കുടുംബദോഷങ്ങളും മാറ്റി പിതൃശുദ്ധി വരുത്തുന്ന കര്‍മ്മമാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ പങ്കുചേര്‍ന്ന കുംഭഘോഷയാത്ര ശാന്തിഗിരി ആശ്രമത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭക്തിസാന്ദ്രമാക്കി. കുംഭഘോഷയാത്രയ്ക്ക് ശേഷം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഭക്തജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.  കുംഭമേളയോട് കൂടി തൊണ്ണൂറ്റിയാറാമത് നവപൂജിതം ആഘോഷങ്ങൾക്കും സമാപനമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!