തിരുവനന്തപുരം:സംസ്ഥാനത്ത് ഇനിയും പട്ടയം ലഭിക്കാത്ത കുടുംബങ്ങളുണ്ടെങ്കില്‍ അവ പരിശോധിച്ച് മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുക എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടയമിഷന്‍ ആംരഭിക്കുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍.
ഇതിന്റെ ഭാഗമായി ജൂലൈയില്‍ സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും എംഎല്‍എമാരുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
നന്ദിയോട് നടന്ന ജില്ലാ പട്ടയമേളയുടെയും വനാവകാശ രേഖ വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് സ്വന്തമായി ഭൂമിയില്ലാത്ത ആരും ഉണ്ടാകരുത് എന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇനിയും പട്ടയം കിട്ടാത്തവരുടെ വിവരങ്ങള്‍ അന്വേഷിച്ച് അവ പരിശോധിക്കും.
പട്ടയം നല്‍കാന്‍ ഏതെങ്കിലും ചട്ടങ്ങള്‍ തടസ്സമാകുന്നുണ്ടെങ്കില്‍ ആ ചട്ടങ്ങള്‍ നിയമനിര്‍മാണത്തിലൂടെ പരിഷ്‌കരിക്കാനും സര്‍ക്കാര്‍ ഒരുക്കമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2025 ഓടെ രാജ്യത്തെ ആദ്യ വിശപ്പു രഹിത സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് റേഷന്‍കാര്‍ഡില്‍ പേരില്ലാത്ത ഒരാളും ഇപ്പോള്‍ ഇല്ലെന്നും അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അരമണിക്കൂറില്‍ കാര്‍ഡ് നല്‍കാനുള്ള സംവിധാനം ഉണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു.
റവന്യൂ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ‘എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ’ പദ്ധതിയിലൂടെ ജില്ലയില്‍ 404 കുടുംബങ്ങള്‍ക്ക് പട്ടയവും ആദിവാസി വിഭാഗങ്ങളിലുള്ള 1391 കുടുംബങ്ങള്‍ക്ക് വനാവകാശ രേഖയും ചടങ്ങില്‍ കൈമാറി. ആകെ 1795 കുടുംബങ്ങള്‍ക്കാണ് ഇതുവഴി പ്രയോജനം ലഭിച്ചത്. നെടുമങ്ങാട് 120, കാട്ടാക്കട 29, തിരുവനന്തപുരം 132, നെയ്യാറ്റിന്‍കര 76, ചിറയിന്‍കീഴ് 16, വര്‍ക്കല 31, എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തില്‍ നല്‍കിയ പട്ടയങ്ങള്‍.
തിരുവനന്തപുരം ജില്ലയില്‍ ആദ്യമായാണ് സാമൂഹിക വനാവകാശം അനുവദിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 27 വനാവകാശങ്ങള്‍ അനുവദിച്ചു. ഇതുവഴി വിവിധ ഊരുകൂട്ടങ്ങളിലുള്ളവര്‍ക്ക് അമ്പലപൂജയ്ക്കും മീന്‍ പിടിക്കുന്നതിനുമുള്ള അവകാശം, ചെറുവിറകുകള്‍, ഈറ്റ, ഔഷധസസ്യങ്ങള്‍, തീറ്റപ്പുല്ല്, ചെറുകിട വന വിഭവങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതിനുള്ള അവകാശം എന്നിവ ലഭിച്ചു. നന്ദിയോട് ഗ്രീന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എംഎല്‍എമാരായ ഡി.കെ മുരളി, ജി. സ്റ്റീഫന്‍, വിവിധ തദ്ദേശഭരണ പ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, എഡിഎം അനില്‍ ജോസ് ജെ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.