തിരുവനന്തപുരം : ശരീരത്തിലും ചെറുഗ്രൈൻഡറിന്റെ മോട്ടോറിലും ഘടിപ്പിച്ച് കടത്താൻ ശ്രമിച്ച 67 ലക്ഷം രൂപയുടെ സ്വർണവുമായി തമിഴ്‌നാട് സ്വദേശികളായ രണ്ടു യാത്രക്കാരെ വിമാനത്താവളത്തിൽ പിടികൂടി.
തമിഴ്‌നാട് തെങ്കാശി കടയന്നല്ലൂർ സ്വദേശി മുഹമ്മദ് മൻസൂർ(39), കന്യാകുമാരി സ്വദേശി ജിനു തിരവിയം(29) എന്നിവരെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. രണ്ടുപേരിൽ നിന്നുമായി ഒരു കിലോ നൂറ്റിപ്പതിമൂന്ന് ഗ്രാം സ്വർണം കണ്ടെടുത്തു. എക്‌സ്‌റേ പരിശോധനയിൽ സ്വർണത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരെയും പിടികൂടിയത്.
അബുദാബി, ദുബായ് എന്നിവിടങ്ങളിൽനിന്ന് വ്യാഴാഴ്ച പുലർച്ചെ നാലോടെ എത്തിയ എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനങ്ങളിലെ യാത്രക്കാരാണ് ഇരുവരും. ഇവരിൽ മുഹമ്മദ് മൻസൂറിൽ നിന്ന് നാല് ക്യാപ്‌സൂളുകളിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന 51 ലക്ഷത്തി 84,600 രൂപ വിലയുള്ള 863 ഗ്രാം സ്വർണം കണ്ടെടുത്തു.
ജിനുവിന്റെ പക്കലുണ്ടായിരുന്ന ലഗേജിൽനിന്ന് ഗ്രൈൻഡറിന്റെ മോട്ടോറിൽ ഷീറ്റ് രൂപത്തിൽ പൊതിഞ്ഞ 250.110 ഗ്രാം തൂക്കമുള്ളതും 15 ലക്ഷത്തി ആയിരത്തി തൊള്ളായിരം രൂപ വിലയുള്ളതുമായ സ്വർണം കണ്ടെടുത്തു.