തിരുവനന്തപുരം: തിരുവനന്തപുരം വീട്ടമ്മമാര കബളിപ്പിച്ച് ലക്ഷങ്ങളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. അനു എന്ന രാജില രാജൻ ആണ് അറസ്റ്റിലായത്.
വീട്ടമ്മമാർക്ക് സംരംഭങ്ങൾ തുടങ്ങാൻ വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സ്വയം സഹായ സംഘങ്ങളുടെ പേരിലെടുത്ത 25 ലക്ഷം രൂപയുടെ വായ്പയാണ് പ്രതികൾ തട്ടിയെടുത്തത്. 20 വീട്ടമ്മമാരാണ് തട്ടിപ്പിന് ഇരയായത്.
ചെറിയതുറ സ്വദേശി ഗ്രെയ്സിയാണ് മുഖ്യ ആസൂത്രക. സംരംഭങ്ങൾ തുടങ്ങാൻ വീട്ടമ്മമാരെ ഉൾപ്പെടുത്തി സംഘങ്ങൾ രൂപീകരിച്ചത് ഗ്രേസിയാണ്.
ഇരുപത് പേരുള്ള അഞ്ച് സംഘങ്ങളുടെ പേരിൽ ഇന്ത്യൻ ബാങ്കിന്റെ ഈഞ്ചക്കൽ ശാഖയിൽ നിന്നും 25 ലക്ഷം രൂപ വായ്പ എടുത്തു. ഈ തുക പൂവച്ചൽ സ്വദേശിയായ അനീഷിന്റെ അക്കൗണ്ടിലേക്കാണ് പോയത്.
തിരിച്ചടവ് മുടങ്ങി അക്കൗണ്ടുകൾ ബാങ്ക് മരവിപ്പിച്ചതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് വീട്ടമ്മമാർ മനസ്സിലാക്കിയത്. ഗ്രേസി, അനീഷ്, അനു, അഖില, ഇന്ത്യൻ ബാങ്ക് മാനേജർ രാജേഷ് എന്നിവരെ പ്രതിചേർത്താണ് കേസ്.