തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
പൊഴിയൂര്‍ തെക്കേ കൊല്ലംകോട് സ്വദേശ് അംബിദാസിനെ (60) നെയ്യാറ്റിന്‍കര അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. പോക്‌സോയിലെ അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ജഡ്ജി കെ പ്രസന്ന വിധിച്ചത്.
2021ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പതിനൊന്ന് വയസുകാരനായ കുട്ടിയെ തേങ്ങ പെറുക്കാന്‍ എന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് തട്ടികൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയതായാണ് കേസ്.
കുട്ടി വീട്ടിൽ അറിയിച്ചതോടെ കുടുബം പൊലീസിൽ പരാതി നൽകി. പൊഴിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്ഐ മാരായ ശ്രീകുമാരന്‍ നായര്‍, സാംജോസ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വെള്ളറട സന്തോഷ് കുമാര്‍, വിനോദ് , പ്രോസിക്യൂഷന്‍ ലെയ്‌സന്‍ ഓഫീസര്‍മാരായ ശ്യാമള ദേവി, ജനീഷ് എന്നിവര്‍ ഹാജരായി.