തിരുവനന്തപുരം:പൊതുജനങ്ങളിലും കുട്ടികളിലും ശുചിത്വബോധം, മാലിന്യപരിപാലനം എന്നിവ വളർത്തുന്നതിന് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഗ്രീൻ ക്ലീൻ കേരള-ബിൻ വിൻ ഗോൾ ചലഞ്ചിന് ജില്ലയിൽ തുടക്കമായി.
പേരൂർക്കട ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഗോൾ ചലഞ്ചിൽ പങ്കെടുത്തുകൊണ്ട് ജില്ലാ കളക്ടർ അനു കുമാരി പരിപാടി ഉദ്ഘാടനം ചെയ്തു.
പുതിയ ഖരമാലിന്യ പരിപാലന ചട്ടം 2026-മായി ബന്ധപ്പെടുത്തി മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ നാലായി തരം തിരിക്കാം എന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, ശുചിത്വമിഷൻ നടപ്പാക്കുന്ന ‘നല്ല നാല് വർത്തമാനം’ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഇഷ്ട ടീമുകളുടെ ജഴ്സിയണിഞ്ഞ് കുട്ടികളും അധ്യാപകരും അനധ്യാപകരും ഗോൾ ചലഞ്ചിൽ ആവേശത്തോടെ പങ്കെടുത്തു. ജൈവം, അജൈവം, സാനിറ്ററി, സ്പെഷ്യൽ കെയർ എന്നിങ്ങനെ ഖരമാലിന്യ പരിപാലനചട്ടം നിഷ്‌കർഷിക്കുന്ന പ്രകാരം നാല് നിറങ്ങൾ നൽകിയ പോസ്റ്റുകൾ തയാറാക്കിയിരുന്നു.
മത്സരാർത്ഥികൾക്ക് നൽകുന്ന മാലിന്യം ഏത് കളർ ബിന്നിൽ നിക്ഷേപിക്കണം എന്ന് തിരിച്ചറിഞ്ഞ് ഇതുമായി ബന്ധപ്പെട്ട നിറമുള്ള പോസ്റ്റുകളിൽ ഗോളടിക്കുന്നവരാണ് വിജയികളായത്. വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
പേരൂർക്കട വാർഡ് കൗൺസിലർ വിനീത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ അരുൺ രാജ് പി.എൻ, സംസ്ഥാന ശുചിത്വമിഷൻ ഐ.ഇ.സി എക്‌സ്‌പെർട്ട് ഗോകുൽ, സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു ശിവദാസ്, വൈസ് പ്രിൻസിപ്പൽ അനിതാ ഭായി, പി.ടി.എ ഭാരവാഹികൾ, ജില്ലാ ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ, റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവരും പങ്കെടുത്തു.

