ബസ് റിഫർബിഷ്മെന്റ് പദ്ധതി കെഎസ്ആർടിസിക്ക് സാമ്പത്തിക നേട്ടമാകും: മന്ത്രി സി.പി ജോൺ

IMG_20260813_221913_(1200_x_628_pixel)

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബസുകളുടെ നവീകരണ (റീഫർബിഷ്‌മെന്റ്) പദ്ധതി കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക നേട്ടമാകുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ.

ഒരു പുതിയ ബസ് വാങ്ങുന്ന പണം ഉപയോഗപ്പെടുത്തി പത്ത് ബസുകൾ അറ്റകുറ്റപ്പണികൾ നടത്തി സർവീസിനായി നിരത്തിലിറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ പദ്ധതിയുടെ ആദ്യഘട്ടത്തിൽ നവീകരണം പൂർത്തിയാക്കിയ 14 ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഡീലക്സ് വിഭാഗത്തിൽപ്പെട്ട ബസുകൾക്ക് ശരാശരി രണ്ടര ലക്ഷം രൂപയും എഫ്.പി, എസ്.എഫ്.പി, ബി.ടി.സി തുടങ്ങിയ മറ്റ് വിഭാഗങ്ങളിലുള്ള ബസുകൾക്ക് ശരാശരി ഒന്നര ലക്ഷം രൂപയുമാണ് നവീകരണത്തിനായി ചെലവഴിക്കുന്നത്. വാഹനങ്ങളുടെ അകവും പുറവും ഭംഗിയാക്കുന്നതിനൊപ്പം മെക്കാനിക്കൽ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, സീറ്റുകൾ, ലൈറ്റിങ്, തറ, വിൻഡോകൾ തുടങ്ങിയവയെല്ലാം പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ട്. കെഎസ്ആർടിസിയുടെ അഞ്ച് വർക്ക്ഷോപ്പുകളിലായാണ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മെക്കാനിക്കൽ വിഭാഗത്തിലെ മിടുക്കരായ ജീവനക്കാരുടെയും തൊഴിലാളികളുടെയും യൂണിയനുകളുടെയും കഠിനശ്രമഫലമായാണ് ബസ് നവീകരണ പദ്ധതിയുടെ ആദ്യഘട്ടം വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കുകയെന്നതാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം. അതിനായി ബസുകളുടെ നിലവാരം ഉയർത്തേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സൂപ്പർ ക്ലാസ് ശ്രേണിയിലുള്ള 26 ബസുകളും ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ശ്രേണിയിലുള്ള 52 ബസുകളും ഓർഡിനറി ശ്രേണിയിലുള്ള 22 ബസുകളും ഉൾപ്പെടെയുള്ളവയാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാലാവധി കഴിഞ്ഞെങ്കിലും സാങ്കേതികമായി മികച്ച രീതിയിൽ പുനരുപയോഗിക്കാൻ കഴിയുന്ന ബി.എസ് മൂന്ന്, ബി.എസ് നാല് വിഭാഗങ്ങളിൽപ്പെടുന്ന ബസുകളാണ് നിലവിൽ നവീകരിക്കുന്നത്. ബസുകളുടെ എഞ്ചിന്റെ പ്രവർത്തനക്ഷമത പ്രത്യേകം പരിശോധിച്ച് ആവശ്യമുള്ളവയാണ് റീകണ്ടീഷനിങ് ചെയ്യുന്നത്. ഇത്തരം ബസുകളിൽ മലിനീകരണ തോത് 80 മുതൽ 85 ശതമാനം വരെ കുറഞ്ഞതായി പരിശോധനാ ഫലങ്ങളിലുണ്ട്. കാലാകാലങ്ങളിൽ ഇത്തരം നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ ബസുകളുടെ ഉപയോഗകാലം വർധിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മികച്ച സാങ്കേതിക നിലവാരമുള്ള പഴയ ബസുകളെ കൂടുതൽ കാലം സർവീസിൽ നിലനിർത്താനും പുതിയ ബസുകൾ വാങ്ങുന്നതിനൊപ്പം നിലവിലുള്ള വാഹനശേഷി കാര്യക്ഷമമായി ഉപയോഗിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രൊജക്ട് സൂര്യ എന്ന പദ്ധതിയുടെ പ്രഖ്യാപനവും നിർവഹിച്ച മന്ത്രി സി.പി ജോൺ, ബസുകൾ റിഫർബിഷ് ചെയ്ത മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വാർഡ് കൗൺസിലർ ആർ. ഹരികുമാർ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കർ, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി പ്രദീപ്കുമാർ, ഫിനാൻഷ്യൽ അഡ്വൈസർ എ. അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!