തിരുവനന്തപുരം മൃഗശാലയ്ക്ക് അഴകായി സീബ്രകളെത്തി

IMG_20260820_180902_(1200_x_628_pixel)

തിരുവനന്തപുരം: ഗുജറാത്തിലെ വൻതാരയിൽ നിന്നും തിരുവനന്തപുരം മൃഗശാലയിലേക്ക്  സീബ്രകളെത്തി.

ഒമ്പത് കൊല്ലങ്ങൾക്ക് ശേഷമാണ് മൃഗശാലയിലെ സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ മൂന്ന് സീബ്രകളെ എത്തിച്ചത്. ഗുജറാത്തിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ നിന്നാണ് മൂന്നു വയസ് പ്രായമുള്ള രണ്ടു പെൺസീബ്രകളെയും അഞ്ച് വയസുള്ള ആൺ സീബ്രയെയും മൃഗശാലയിലെത്തിച്ചത്.

സന്ദർശകർക്കുള്ള ഓണ സമ്മാനമാണ് സീബ്രകളുടെ വരവെന്ന് ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. സീബ്രകളെ കാണുന്നതിന് സന്ദർശകർക്കുള്ള കവാടം തുറന്നു നൽകിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഷങ്ങൾക്കുശേഷം സീബ്രകളെ വീണ്ടും മൃഗശാലയിലെത്തിക്കാൻ കഴിയുന്നത് ഏറെ സന്തോഷകരമാണെന്നും, ഓണത്തോടനുബന്ധിച്ച് സീബ്രകളെത്തുന്നത് സന്ദർശകർക്ക് മികച്ച ദൃശ്യവിരുന്നാകുമെന്നും മന്ത്രി പറഞ്ഞു.

പ്രത്യേകം തയ്യാറാക്കിയ അനിമൽ ആംബുലൻസിൽ വൻതാരയിലെ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ 13 അംഗ ടീമാണ് റോഡ് മാർഗം സീബ്രകളെ ഇന്ന് പുലർച്ചെ 5.15 ഓടെ തിരുവനന്തപുരത്ത് എത്തിച്ചത്.

മാർഗതടസമുണ്ടാകാതിരിക്കാൻ കേരള അതിർത്തിയിൽ നിന്നും പോലീസ് പൈലറ്റ് വാഹനം അകമ്പടിയേകി.

2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് എത്തിച്ച സീത എന്ന സീബ്ര 2017ൽ പ്രായാധിക്യം മൂലം ചത്തതോടെയാണ് തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളുടെ സാന്നിധ്യം ഇല്ലാതായത്. മൃഗശാല കാണാനെത്തുന്ന കുട്ടികളുടെ സീബ്രയെ കാണണമെന്ന നിരന്തര ആവശ്യമാണ് യാഥാർത്ഥ്യമായതെന്നും പുതിയ അതിഥികൾക്ക് പേരിടുന്നതടക്കമുള്ള നടപടികൾ ആലോചിക്കുന്നതായും മൃഗശാല സൂപ്രണ്ട് ടി.വി അനിൽ കുമാർ വ്യക്തമാക്കി.

ദീർഘയാത്രയുടെ അല്പം ക്ഷീണമൊഴിച്ചാൽ സീബ്രകൾ പൂർണ ആരോഗ്യവാൻമാരാണെന്നും സന്ദർശകർക്ക് ഇവയെ കാണുന്നതിന് തടസമുണ്ടാകാത്ത വിധം 21 ദിവസത്തെ തുറന്ന ക്വാറന്റൈൻ മാത്രമാണുള്ളതെന്നും മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ വ്യക്തമാക്കി.

സീബ്രകൾക്കായി രണ്ടാഴ്ചത്തേക്കുള്ള തിമോത്തി ഗ്രാസ് എന്ന ഹൈബ്രിഡ് പുല്ലും വൻതാരയിൽ നിന്നെത്തിച്ചു. ഇനി മുതൽ ഇവിടുത്ത വൈക്കോലും ഇടകലർത്തി നൽകി പുതിയ സാഹചര്യവുമായി ഇവയെ ഇണക്കിയെടുക്കും. സീബ്രകളെ ലഭിച്ചതിന് പകരമായി തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും വൻതാരയിലേക്ക് നൽകും.

മൃഗശാല ഡയറക്ടർ മഞ്ജുളാദേവി, മൃഗശാല ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!