മലയിൻകീഴ് : വിളവൂർക്കലിൽ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി.
അമ്മ കഴുത്തറുത്ത് കൊന്നതായാണ് പ്രാഥമിക നിഗമനം. ഒന്നരവയസുകാരി അന്നയാണ് മരണപ്പെട്ടത്.
അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ ഏകമകളാണ് അന്ന. ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം.
വീട്ടിൽ പ്രായമുള്ള രണ്ട് സ്ത്രീകളും ക്രിസ്റ്റിയും കുഞ്ഞുമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചക്ക് അമ്മയും കുഞ്ഞും മുറിയിൽ ഉറങ്ങാൻ കിടന്നിരുന്നു. പിന്നീട് വീട്ടിൽനിന്ന് നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് കുഞ്ഞിന്റെ കഴുത്തിൽ മുറിവ് കണ്ടത്.
കുഞ്ഞിനെ വിളവൂർക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

