വിതുര :പൊന്മുടി സംസ്ഥാന ഹൈവേയിലെ ആനപ്പാറ ചിറ്റാർ പാലത്തിന്റെ പണി പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.
ടാറിങ് ഉൾപ്പെടെയുള്ള പണി പൂർത്തിയാകുന്നത് വരെ ആയിരിക്കും നിരോധനമെന്ന് അസി.എൻജിനീയർ അറിയിച്ചു.
പൊന്മുടിയിലേക്ക് പോകുന്നവർ ഹൈവേയിലെ തേവിയോട് ജംക്ഷനിൽ നിന്നും ബോണക്കാട് റോഡിലേക്ക് തിരിഞ്ഞ് മരുതാമല, പേരയം, മുല്ലച്ചിറ എത്തി ഹൈവേയിലേക്ക് തിരിച്ചു കയറി പോകണം. തിരിച്ചും അങ്ങനെ തന്നെ യാത്ര ചെയ്യാം.
പാലോട് നിന്നും വരുന്നവർക്ക് പെരിങ്ങമ്മല, തെന്നൂർ വഴി കുണ്ടാളംകുഴിയിൽ നിന്നും തിരിഞ്ഞ് മണലി വഴി ആനപ്പാറ എത്തി ഹൈവേയിലൂടെ പൊന്മുടിയിലേക്ക് പോകാവുന്നതാണ്. തേവിയോട്, മുല്ലച്ചിറ ജംക്ഷനുകളിൽ ട്രാഫിക് സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പൊന്മുടി റോഡിലെ 1905ൽ ബ്രിട്ടീഷുകാർ നിർമിച്ച 8.5 മീറ്റർ നീളവും 3.7 മീറ്റർ വീതിയും ഉള്ള ആർച്ച് ബ്രിഡ്ജ് ആയ ചിറ്റാർ പാലമാണ് പൊളിച്ചു പണിതത്.
പഴയ പാലം വീതി കുറഞ്ഞതും ഒരു സമയം ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്നതും ബലക്ഷയം സംഭവിച്ചതും ആയിരുന്നു. പുതിയ പാലത്തിന്റെ അനുബന്ധ റോഡുകളും പാലത്തിലൂടെയുള്ള റോഡും മുൻപ് ടാർ ചെയ്തിരുന്നില്ല. ഇതാണ് നിലവിൽ പൂർത്തീകരിക്കുന്നത്.

