തിരുവനന്തപുരം: പേരൂർക്കട മുതൽ അരുവിക്കര വരെ, കേരള വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള പൈപ്പ് ലൈൻ റോഡിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത കയ്യേറ്റങ്ങളും അനുമതിയില്ലാത്ത നിർമ്മാണങ്ങളും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അവ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി.
ഇതിന്റെ ഭാഗമായി പേരൂർക്കട–അരുവിക്കര പൈപ്പ് ലൈൻ റോഡിൽ വഴയില ജംഗ്ഷനിലെ ചില ഭാഗങ്ങളിലുണ്ടായിരുന്ന അനധികൃത കൈയേറ്റം ഇന്നലെ ഒഴിപ്പിച്ചു. വരും ആഴ്ചകളിൽ നോട്ടീസ് നൽകിയിട്ടുള്ള മറ്റു സ്ഥലങ്ങളിലും ഇതേ രീതിയിൽ നിയമാനുസൃത ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കുന്നതാണ്.
കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ റോഡും അനുബന്ധ ആസ്തികളും സംരക്ഷിക്കുന്നതിനും ജലവിതരണ ശൃംഖലയുടെ അറ്റകുറ്റപ്പണികൾക്കും പരിപാലന പ്രവർത്തനങ്ങൾക്കും തടസ്സമില്ലാതെ പ്രവേശനം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികൾ സ്വീകരിക്കുന്നത്. പൈപ്പ് ലൈൻ റോഡിൽ അനധികൃതമായി കൈയേറ്റം നടത്തിയിട്ടുള്ളവർ സ്വമേധയാ കൈയേറ്റങ്ങൾ ഒഴിഞ്ഞ് തുടർനടപടികൾ ഒഴിവാക്കണമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു.

