തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 114-ാം ജയന്തി ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു.
മഹാരാജാവ് അന്ത്യവിശ്രമം കൊള്ളുന്ന കവടിയാർ കൊട്ടാരത്തിലെ പഞ്ചവടിയിൽ ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്. രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ മന്ത്രി സി.പി ജോൺ ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
പൂയം തിരുനാൾ ഗൗരി പാർവതിഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, പ്രിൻസ് ആദിത്യവർമ എന്നീ രാജകുടുംബാംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് നടന്ന പുഷ്പാർച്ചനയ്ക്ക് മന്ത്രി സി.പി ജോണിനും രാജകുടുംബാംഗങ്ങൾക്കും പുറമെ സ്മാരക സമിതി മുൻ പ്രസിഡന്റുമാരായ മുൻ അംബാസഡർ ടി.പി ശ്രീനിവാസൻ, മുൻ സ്പീക്കർ എം. വിജയകുമാർ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, ശാസ്തമംഗലം മോഹൻ, ചെമ്പഴന്തി അനിൽ, ശോഭനാ ജോർജ്, ശംഭു പാൽക്കുളങ്ങര, സ്മാരക സമിതി ഭാരവാഹികളായ എസ്.എൻ രഘുചന്ദ്രൻ നായർ, ജേക്കബ് എബ്രഹാം, സൻലാൽ എന്നിവർ നേതൃത്വം നൽകി.
ശ്രീചിത്ര സ്കൂൾ ഉൾപ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ചടങ്ങിന്റെ ഭാഗമായി. അശ്വാരൂഢ പൊലീസ്, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവരും പരിപാടികളിൽ പങ്കെടുത്തു. സംഗീത വിദ്യാർഥിനികളുടെ ഭക്തിഗാനാലാപനവും നടന്നു.

