യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമം; ഗുണ്ടാ നേതാവ് ‘ആട് സജി’പിടിയില്‍

പാറശ്ശാല:  യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയില്‍.

ആട് സജി എന്നറിയപ്പെടുന്ന തിരുവല്ലം സ്വദേശി അജികുമാര്‍(42)നെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്.

ഒക്ടോബര്‍ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെങ്കല്‍ സ്വദേശിയായ യുവാവ് കുന്നന്‍വിളക്ക് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ചാരി നില്‍ക്കവെ സമീപത്തെ കടയില്‍നിന്ന് മടങ്ങി വന്ന അജികുമാറും സംഘവും യുവാവിനെ മര്‍ദിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവിനെ റോഡരികില്‍ ഉപേക്ഷിച്ചശേഷം പ്രതിയും സംഘവും കടന്നുകളഞ്ഞു.

യുവാവിന്റെ പരാതിയില്‍ പാറശ്ശാല പോലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അക്രമികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഗുണ്ടാ നേതാവ് അജികുമാര്‍ പിടിയിലായത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസ്സുകളില്‍ പ്രതിയാണ് അജികുമാര്‍.