തിരുവനന്തപുരം:തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ നവീകരിച്ച ഫ്രണ്ട് ഓഫീസും സെക്യൂരിറ്റി ക്യാബിനും റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു.
പൊതുജനങ്ങളുടെ പരാതികൾ വേഗത്തിലും സുതാര്യമായും തീർപ്പാക്കുന്നതിന് കളക്ടറേറ്റിലെ പൊതുജനപരാതി പരിഹാരസെൽ പ്രയോജനപ്രദമാണെന്നും ഏത് സംരംഭമായാലും ജനങ്ങൾക്ക് ഉപകരിക്കുകയെന്നതാണ് പ്രധാനമെന്നും ഉദ്ഘാടന ചടങ്ങിൽ മന്ത്രി എ.പി അനിൽകുമാർ പറഞ്ഞു.
ആധുനികവത്കരണത്തിന്റെ കാലത്ത് പരാതികൾ കാലതാമസം കൂടാതെ തീർപ്പാക്കാൻ എ.ഐ സംവിധാനം ഉൾപ്പെടെയുള്ളവ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് നവീകരിച്ച ഫ്രണ്ട് ഓഫീസും സെക്യൂരിറ്റി ക്യാബിനും ഉദ്ഘാടനം ചെയ്തത്.
2023-24 സാമ്പത്തിക വർഷത്തെ പ്ലാൻ സ്കീം സ്മാർട്ട് റവന്യൂ ഓഫീസുകൾ പദ്ധതിയിൽ ഉൾപ്പെടുത്തി പതിനെട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ഫ്രണ്ട് ഓഫീസും സെക്യൂരിറ്റി ക്യാബിനും നവീകരിച്ചത.്
ലാൻഡ് റവന്യൂ കമ്മീഷണർ എച്ച്.ദിനേശൻ, ജില്ലാ കളക്ടർ അനു കുമാരി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിസ.എ, സബ് കളക്ടർ ആൽഫ്രഡ് ഒ.വി, അസിസ്റ്റന്റ് കളക്ടർ വിഷ്ണോയ് ദിനേശ് ഹപുരാം, കളക്ടറേറ്റ് ജീവനക്കാർ എന്നിവരും സന്നിഹിതരായിരുന്നു.

