തിരുവനന്തപുരം:നിലവിലെ കേരള പ്രവാസി കമ്മീഷൻ ഒരു വർഷം പൂർത്തിയാക്കുമ്പോൾ അറുന്നൂറോളം പരാതികൾ തീർപ്പാക്കിയതായി തൈക്കാട് നോർക്ക ബിൽഡിംഗിലെ കേരള പ്രവാസി കമ്മീഷൻ ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ് അറിയിച്ചു.
പ്രവാസി കമ്മീഷൻ വെബ്സൈറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിച്ചതായും
nricommission.kerala.gov.in എന്ന വെബ്സൈറ്റ് നിലവിൽ വരുന്നതോടെ ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് പരാതികൾ ഓൺലൈനായി സമർപ്പിക്കാനും കേസിന്റെ നിലവിലെ സ്ഥിതി അറിയാനും ഉത്തരവുകൾ എടുക്കാനും സാധിക്കുമെന്നും കമ്മീഷൻ ചെയർപേഴ്സൺ അറിയിച്ചു. കമ്മീഷൻ നടത്തുന്ന അടുത്ത അദാലത്തിന്റെ തീയതിയും സ്ഥലവും മറ്റ് വിവരങ്ങളും വെബ്സൈറ്റിൽ അറിയാൻ കഴിയും. ഓൺലൈനായി പരാതികൾ കേൾക്കുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും ഇതുവഴി പേപ്പർ രഹിത ഫോറമായി കമ്മീഷന്റെ പ്രവർത്തനങ്ങൾ മാറ്റാൻ കഴിയുമെന്നും ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു.
20 വർഷമായിട്ടും തീർപ്പാകാതെ കിടക്കുന്ന കേസുകൾ വരെ അദാലത്തിൽ കമ്മീഷൻ മുമ്പാകെ വരുന്നുണ്ട്. ചതിക്കുഴിയിൽ അകപ്പെടുന്നവർ അവസാന ആശ്രയമായാണ് കമ്മീഷനെ സമീപിക്കുന്നതെന്നും ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു.
തൈക്കാട് നോർക്ക ബിൽഡിംഗിലെ കേരള പ്രവാസി കമ്മീഷൻ ഓഫീസ് കോൺഫറൻസ് ഹാളിൽ ചൊവാഴ്ച നടന്ന കമ്മീഷൻ അദാലത്തിൽ 67 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 20 എണ്ണം പുതിയ പരാതികളായിരുന്നു. 47 പേർ അദാലത്തിൽ ഹാജരായി.
കേരള പ്രവാസി കമ്മീഷൻ സെക്രട്ടറി ആർ.ജയകുമാർ, അംഗങ്ങളായ പി.എം. ജാബിർ, എം.എം നഈo, ഡോ. മാത്യൂസ് കെ ലൂക്കോസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

