തിരുവനന്തപുരം:കാരോട് പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ അടിയന്തരമായി തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടികൾ എടുക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.
വൈദ്യുതി കണക്ഷൻ നൽകി ബഡ്‌സ് സ്‌കൂൾ പ്രവർത്തനക്ഷമമാക്കണം.കുട്ടികളുടെ ക്ഷാമം ഉണ്ടെങ്കിൽ സമീപ പഞ്ചായത്തുകളിലെ കുട്ടികളെ കൂടി പ്രവേശിപ്പിക്കാവുന്നതാണെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മിഷൻ തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ നടത്തിയ ജില്ലാ സിറ്റിംഗിലാണ് നിർദേശം. പാറശാല സബ് ജില്ലയിൽപ്പെട്ട കുന്നത്തുകാൽ ഗവ. യുപി സ്‌കൂളിന്റെ സ്ഥലം കയ്യേറിയവരെ ഒഴിപ്പിച്ച് കുട്ടികൾക്ക് ഉപയോഗിക്കാൻ വിട്ടു നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
സിറ്റിംഗിൽ 47 പരാതികൾ പരിഗണിച്ചു.29 എണ്ണം തീർപ്പാക്കി. 18 പരാതികൾ വിശദമായ ഉത്തരവിനും തുടർ നടപടികൾക്കുമായി മാറ്റിവച്ചു. കമ്മിഷൻ അംഗങ്ങളായ ഡോ. എഫ്. വിൽസൺ, കെ.കെ ഷാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ്.

