തിരുവനന്തപുരം:വിദ്യാര്‍ത്ഥികളില്‍ ആര്‍ത്തവ ശുചിത്വം, ആരോഗ്യസംരക്ഷണം, സുസ്ഥിര ആര്‍ത്തവ ശുചിത്വ രീതികള്‍, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ഉപയോഗം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പ്രൊജക്ട് മുക്തി -ക്ക് തുടക്കമായി.
കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പുനരുപയോഗിക്കാവുന്ന ആര്‍ത്തവ ശുചിത്വ ഉത്പന്നങ്ങളുടെ വിതരണവും ബോധവത്ക്കരണ പരിപാടിയും ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദോഷകരമായ ശീലങ്ങളില്‍ നിന്ന് മുക്തി നേടുകയാണ് പ്രോജക്ട് മുക്തിയുടെ ലക്ഷ്യമെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു. പരിസ്ഥിതി സൗഹൃദപരമായ സാനിട്ടറി പാഡിന്റെ ഉപയോഗം ശീലിക്കണമെന്നും പ്രകൃതിയെ മാലിന്യമുക്തമായി പരിപാലിക്കാന്‍ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും ജില്ലാകളക്ടര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കുട്ടികള്‍ സുസ്ഥിരതാ പ്രതിജ്ഞയെടുത്തു.
ജില്ലാ ഭരണകൂടത്തിന്റെ മുക്തി പദ്ധതിയുമായി സഹകരിച്ച് ജെന്‍പാക്ട് സ്ഥാപനം സ്‌കൂളിലെ നൂറോളം വിദ്യാര്‍ത്ഥിനികള്‍ക്ക് പുനരുപയോഗിക്കാവുന്ന ആര്‍ത്തവ ശുചിത്വ ഉല്‍പന്നങ്ങളടങ്ങിയ കിറ്റും വിതരണം ചെയ്തു.
ആര്‍ത്തവത്തെ കുറിച്ചുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകുന്നതാണ് മുക്തി പദ്ധതി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്നു വന്ന പദ്ധതിയാണ് ഇപ്പോള്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ചത്.
ചടങ്ങിൽ ജെന്‍പാക്ട് പ്രതിനിധി അജിത് മാധവന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അരുണ്‍കുമാര്‍ വൈ.ഡി, ഹെഡ്മാസ്റ്റര്‍ കെ. രവികുമാര്‍, സീനിയര്‍ സൂപ്രണ്ട് ഗോപാലകൃഷ്ണന്‍ പി.വി, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു

