വർക്കല: കുടുബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. ചെമ്മരുതി പഞ്ചായത്തിലെ തറട്ട കീഴെതൊടി വീട്ടിൽ സുബിന (30) ആണ് മരിച്ചത്. ഭർത്താവ് ഷാജനെ(35) അയിരൂർ പൊലീസ് അറസ്റ്റു ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണു സംഭവം. സുബിനയുടെ കഴുത്തിനാണു വെട്ടേറ്റത്. സംഭവ ശേഷം ഷാജൻ തന്നെയാണ് അടുത്ത സുഹൃത്തിനെയും സ്ഥലത്തെ വാർഡ് അംഗത്തെയും വിവരം അറിയിച്ചത്. തുടർന്നു ഇവർ വീട്ടിലെത്തി സുബിനയെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോൾ സുബിനയും ഷാജനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർക്ക് 6 വയസ്സുള്ള മകളുണ്ട്. അയിരൂർ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. എന്താണു കൊലപാതകത്തിലേക്കു നയിച്ച സാഹചര്യം എന്നതിൽ കൂടുതൽ പരിശോധന നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സുബിനയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

