തിരുവനന്തപുരം: വേറ്റിനാട് ഓട്ടോറിക്ഷ തോട്ടിലേയ്ക്ക് മറിഞ്ഞ് ഒഴുക്കിൽപ്പെട്ട് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി.
കുറ്റിയാണി സ്വദേശിയായ വിദ്യാധരൻ (67) ആണ് മരിച്ചത്. മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെയോടെ 17 കിലോമീറ്റർ അകലെ അറ്റിങ്ങൽ മുദാക്കൽ കട്ടിയാട് പാലത്തിന് സമീപമുള്ള കൈതക്കാടുകൾക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് 6.30 ഓടെ വേറ്റിനാട് കുറ്റിയാണി റോഡിലായിരുന്നു അപകടം നടന്നത്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം ഓട്ടോറിക്ഷയിൽ മടങ്ങിവരികയായിരുന്നു വിദ്യാധരനും ഭാര്യയും.
കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത വിധം വെള്ളം കയറിയതോടെ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. ഭാര്യയും വെമ്പായം ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ ലതാകുമാരിയെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ശക്തമായ ഒഴിക്കിൽപ്പെട്ട് വിദ്യാധരനെ കാണാതാകുകയായിരുന്നു.

