തിരുവനന്തപുരം : വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച പ്ലസ് ടു വിദ്യാർഥി ആർ. രുദ്രേഷ് (17) ഇനി അവയവദാനത്തിലൂടെ 6 പേരിൽ ജീവിക്കും.
വൃക്കകൾ, പാൻക്രിയാസ്, കരൾ, നേത്രപടലങ്ങൾ, അബ്ഡോമിനൽ ഫാസിയ ആൻഡ് വെസൽസ് ( വയറിനുള്ളിലെ ആവരണകലകളും ധമനികളും) എന്നിവയാണു ദാനം ചെയ്തത്. ഹൃദയവും ദാനം ചെയ്യാൻ കുടുംബം സന്നദ്ധമായിരുന്നെങ്കിലും ട്രാൻസ്‌പ്ലാന്റിന് യോഗ്യമല്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിലെ രോഗിക്കു നൽകി. ഒരു വൃക്കയും പാൻക്രിയാസും തിരുവനന്തപുരം കിംസ് ഹെൽത്തിലെ രോഗിക്കു നൽകി. കരളും വയറിനുള്ളിലെ ആവരണകലകളും ധമനികളും ഇതേ ആശുപത്രിയിലെ രോഗികൾക്കാണ് ദാനം ചെയ്തത്. നേത്രപടലങ്ങൾ തിരുവനന്തപുരം റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്ക് കൈമാറി. തീരാവേദനയിലും അവയവദാനത്തിനു സന്നദ്ധത പ്രകടിപ്പിച്ച രക്ഷിതാക്കളുടേത് മാതൃകാപരമായ നടപടിയാണെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.
കരമന മേലാറന്നൂർ ചെക്കിട്ടവിളാകത്ത് വീട്ടിൽ ബി.സുരേഷിന്റെയും പി.രമ്യാദേവിയുടെയും മകനായ രുദ്രേഷ് ഒക്ടോബർ 26നു രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം .തിങ്കളാഴ്ച വൈകിട്ട് മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തിരുമല എഎംഎച്ച്എസ്എസിലെ വിദ്യാർഥി ആയിരുന്നു. എസ്.ആർ.വിഘ്നേഷ്, എസ്.ആർ.അനന്തകൃഷ്ണൻ എന്നിവരാണ് സഹോദരങ്ങൾ

