തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു.
ഗതാഗത മന്ത്രി സി.പി ജോണുമായി ട്രേഡ് യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. നിരക്ക് വർധന എന്ന തൊഴിലാളികളുടെ ആവശ്യം തത്വത്തിൽ അംഗീകരിച്ചതായും ഇതിനായി അടിയന്തരമായി കമ്മിഷനെ നിയമിക്കുമെന്നും ചർച്ചയ്ക്ക് ശേഷം മന്ത്രി അറിയിച്ചു.
പുതിയ നിരക്കുകൾ 2027 ജനുവരിയോടെ പ്രാബല്യത്തിൽ കൊണ്ടുവരാനാവശ്യമായ നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് 2022 ഏപ്രിൽ 26നാണ് അവസാനമായി ഓട്ടോ ടാക്സി നിരക്കുകൾ പരിഷ്കരിച്ചത്. ഇത് വീണ്ടും വർധിപ്പിക്കണമെന്ന യൂണിയനുകളുടെ ആവശ്യം അനുഭാവപൂർവമാണ് സർക്കാർ കാണുന്നത്. പുതിയ കമ്മിഷൻ വരുമ്പോൾ ട്രേഡ് യൂണിയനുകൾക്ക് അവരുമായി വിശദമായ ചർച്ചകൾ നടത്താനാകും. ഇതിന് ശേഷമാകും സർക്കാർ അന്തിമ തീരുമാനമെടുക്കുക. ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കുന്ന വിഷയത്തിലും അനുകൂല നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെട്ട ഓട്ടോ ടാക്സി സ്റ്റാൻഡുകൾ പുനഃസ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപടിയെടുക്കും. ഇലക്ട്രിക് ഓട്ടോകൾക്ക് പെർമിറ്റ് ആവശ്യമില്ലെന്ന പ്രശ്നം കോഴിക്കോട് പരിഹരിച്ച മാതൃകയിൽ മറ്റ് സ്ഥലങ്ങളിലും നടപ്പാക്കാൻ ആലോചിക്കുന്നുണ്ട്. ദീർഘദൂര യാത്ര പോകുന്ന ടാക്സി ഡ്രൈവർമാർക്ക് ഹോട്ടലുകളിൽ വിശ്രമ സൗകര്യം ഒരുക്കുന്നതിനായി ടൂറിസം വകുപ്പുമായും ഹോട്ടൽ ഉടമകളുമായും സംസാരിക്കും. റെയിൽവേ സ്റ്റേഷനുകളിൽ പണമടച്ച് സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ റെയിൽവേ അധികൃതരുമായി ചർച്ച നടത്തും.
ഇരുചക്ര വാഹനങ്ങൾ ടാക്സിയായി സർവീസ് നടത്തുമ്പോൾ മഞ്ഞ ബോർഡ് നിർബന്ധമാണ്. സ്വകാര്യ ആവശ്യങ്ങൾക്കുള്ള വെള്ള ബോർഡുള്ള ഇരുചക്ര വാഹനങ്ങൾ ടാക്സിയായി ഓടിക്കുന്നത് കർശനമായി നിയന്ത്രിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സർക്കാരുമായി സഹകരിച്ച് തികച്ചും സൗഹാർദപരമായ അന്തരീക്ഷത്തിൽ സമരം പിൻവലിക്കാൻ തയാറായ എല്ലാ ട്രേഡ് യൂണിയൻ നേതാക്കൾക്കും മോട്ടോർ വാഹന വകുപ്പിന്റെയും സർക്കാരിന്റെയും പേരിൽ മന്ത്രി നന്ദി അറിയിച്ചു.

