ഡിജിറ്റലായി ആഭ്യന്തരമന്ത്രിയുടെ ഓഫിസ്; പരാതിക്കാർക്ക് ഇനി നടപടികള്‍ കൃത്യമായി അറിയാം

IMG_20261113_173724_(1200_x_628_pixel)

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫിസിന്‍റെ പ്രവര്‍ത്തനങ്ങളും കേരള പൊലീസിന്‍റെ ദൈനംദിന പ്രവര്‍ത്തികളും ഏകോപിപ്പിച്ച് ഡിജിറ്റല്‍ സംവിധാനം നിലവില്‍വന്നു.

പൊതുജനങ്ങളില്‍ നിന്ന് ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതാണ് HM Acts. പ്രധാന കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും അറിയിപ്പുകളും ആഭ്യന്തരമന്ത്രിക്ക് തത്സമയം ലഭ്യമാക്കുന്നതാണ് HOMeS.

ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന ഓരോ പരാതിയും ഇനി എച്ച്എം ആക്ട്സ് എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യും. ഈ പരാതികള്‍ കേരള പൊലീസിന്‍റെ പ്രധാന സോഫ്റ്റ്‍വെയറായ iCoPS വഴി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. നിവേദനത്തിന്‍റെ സ്വഭാവം അനുസരിച്ച് പരാതിയില്‍ നിര്‍ദേശം നല്‍കും. പരാതിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ നടപടിക്രമങ്ങള്‍ ഓരോന്നും പരിശോധിക്കാന്‍ കഴിയും. നിവേദനത്തിന്‍റെ പുരോഗതി അറിയാന്‍ കത്ത് അയക്കുകയോ ഫോണ്‍ വിളിക്കുകയോ ചെയ്യുന്നത് ഒഴിവാക്കാം. പരാതി തീര്‍പ്പാക്കിയത് ഉള്‍പ്പടെയുള്ള കാര്യങ്ങൾ അപേക്ഷകര്‍ക്ക് എസ്എംഎസ് മുഖേന ലഭിക്കും.

ആഭ്യന്തരമന്ത്രിയുടെ ഓഫിസും വിവിധ പൊലീസ് സ്റ്റേഷനുകളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുവാനും പരാതികളിലെ നടപടികള്‍ വേഗത്തിലാക്കാനും ഡിജിറ്റല്‍ സംവിധാനം ഗുണംചെയ്യും.

ആഭ്യന്തരമന്ത്രിക്ക് പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിക്കുന്നതായി വികസിപ്പിച്ച ഡിജിറ്റല്‍ സംവിധാനമാണ് HOMeS (Home Department Operations, Monitorinhg and e-Services. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച നിരീക്ഷണ ഡാഷ് ബോര്‍ഡ് ആണ് ഇതിന്‍റെ സവിശേഷത. സംസ്ഥാനത്ത് ഓരോ ദിവസവും റജിസ്റ്റര്‍ ചെയ്യുന്ന എഫ്ഐആറിനെക്കുറിച്ച് ആഭ്യന്തരമന്ത്രിക്ക് വിരല്‍ത്തുമ്പില്‍ വിവരം ലഭിക്കും. ഈ സംവിധാനം വന്നതോടെ വിവിധ സ്റ്റേഷനുകളില്‍നിന്ന് ഇനി വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കേണ്ടതില്ല. കുറ്റകൃത്യങ്ങളുടെ പൊതുകണക്ക് പോർട്ടലിലൂടെ ലഭ്യമാകും.

കുട്ടികളെ കാണാതാകുന്നത് പോലെയുള്ള അടിയന്തര ശ്രദ്ധ ആവശ്യമായ കേസുകള്‍ വന്നാല്‍, പ്രത്യേക അറിയിപ്പ് വരും. അതേസമയം ഹോംസ് ഡാഷ്ബോര്‍ഡിന്‍റെ പ്രധാന പ്രത്യേകത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളും വ്യക്തിഗതവിവരങ്ങളും പുറത്തുപോകില്ല എന്നതാണ്.

ആഭ്യന്തര മന്ത്രിയുടെ ഓഫീസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പരാതികൾ തീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും ഡിജിറ്റൽ സംവിധാനം ഗുണം ചെയ്യുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നിവേദനങ്ങൾ നൽകുമ്പോൾ മൊബൈൽ നമ്പർ കൂടി വയ്ക്കണമെന്നത് മറക്കരുത്. പരാതികളിൽ നടപടി എന്തായി എന്ന കാര്യം മൊബൈൽ വഴി ലഭിക്കുന്ന ലിങ്കിലൂടെ ഓരോരുത്തർക്കും പരിശോധിക്കാം. ഗൗരവസ്വഭാവമുള്ള പരാതികളിൽ വളരെ വേഗത്തിൽ തന്നെ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി എല്ലാ സ്റ്റേഷനുകളിലും നിർദ്ദേശം കൊടുത്തിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!