തിരുവനന്തപുരം; കെഎസ്ആർടിസി- സ്വിഫ്റ്റ് സർവ്വീസ് തിങ്കളാഴ്ച വൈകുന്നേരം മുതൽ സർവ്വീസ് ആരംഭിക്കും. വൈകുന്നേരം 5.30 മണിക്ക് തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സർവ്വീസിന് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെയാണ് സർവ്വീസ് ആരംഭിക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
തദ്ദേശ സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം നിർവ്വഹിക്കും, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കെഎസ്ആർടിസി- സ്വിഫ്റ്റ് വെബ്സൈറ്റ് പ്രകാശനവും, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ കെഎസ്ആർടിസി – സ്വിഫ്റ്റ് ബസ് ആദ്യത്തെ റിസർവേഷൻ ചെയ്തവർക്കുള്ള സമ്മാനങ്ങളുടെ വിതരണവും നിർവ്വഹിക്കും. ഡോ. ശശി തരൂർ എം.പിയും, മേയർ ആര്യ രാജേന്ദ്രനും മുഖ്യാതിഥികളായി പങ്കെടുക്കും. ആദ്യ സർവ്വീസുകളിൽ ഓൺലൈനിൽ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഉദ്ഘാടനത്തോട് അനുബന്ധിച്ച് കെഎസ്ആർടിസി- സിഫ്റ്റ് നൽകുന്ന മടക്കയാത്രയുടെ സൗജന്യ ടിക്കറ്റ് ലഭിച്ച ഗജരാജയുടെ യാത്രക്കാരായ ജോസഫ് സ്കറിയ ( പൂഞ്ഞാർ), അരുൺ.എം ( ബാഗ്ലൂർ), അനൂബ് ജോർജ് (പത്തനംതിട്ട, പുല്ലാട്) അരുൺ എം (തിരുവനന്തപുരം, പൂജപ്പുര), , എന്നിവർക്ക് മടക്ക ടിക്കറ്റിനുള്ള സൗജന്യ കൂപ്പൻ സമ്മാനിക്കുക.
ചടങ്ങിൽ വാർഡ് കൗൺസിലർ ഹരികുമാർ .സി, ഐഒസി എക്സിക്യൂട്ടീവ് ഡയറക്ടർ വി.സി. അശോകൻ, വി.ഇ കൊമേഴ്സ്യൽ വെഹിക്കിൾസ് ലിമിറ്റഡ് (വോൾവോ) ബസ് ഡിവിഷൻ പ്രസിഡന്റ്- ആകാശ് പാസ്സി, അശോക് ലൈലാന്റ് ലിമിറ്റഡ്- ബസ് ഹെഡ്- കെ. മോഹൻ, കെഎസ്ആർടിഇഎ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. വിനോദ്, ടിഡിഎഫ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആർ. ശശിധരൻ, കെഎസ്ടിഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ്, കെഎസ്ആർടിസിയിലേയും – സ്വിഫ്റ്റിലേയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. 5.30 മണി മുതൽ ബാഗ്ലൂരിലേക്കുള്ള എ.സി. വോൾവോയുടെ നാല് സ്ലീപ്പർ സർവ്വീസുകളും, 6 മണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡർ സർവ്വീസുകളുമാണ് ആദ്യ ദിനം നടത്തുക.


