വിഴിഞ്ഞം:വിഴിഞ്ഞം 220 കെ.വി സബ്സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് (11.05.2022) ഉച്ചയ്ക്ക് 2.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന് കുട്ടി നിര്‍വ്വഹിക്കും. യോഗത്തില്‍ എം. വിന്‍സന്റ് എം. എല്‍. എ അധ്യക്ഷനും ഡോ. ശശിതരൂര്‍. എം.പി മുഖ്യാതിഥിയുമായിരിക്കും, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, കെ.എസ്.ഇ.ബി ചെയര്മാന് & മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോക്. ഐ.എ.എസ്, ജില്ലാ കളക്ടര്‍ നവ് ജ്യോത് ഖൊസ. ഐ.എ.എസ്, കെ.എസ്.ഇ.ബി ഡയറക്ടര്‍മാരായ രാജന് ജോസഫ്, അഡ്വ. വി.മുരുഗദാസ് തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും.
നിലവിലുള്ള വിഴിഞ്ഞം സബ്സ്റ്റേഷന്റെ സ്ഥലപരിമിതി കണക്കിലെടുത്ത് എയര്‍ ഇന്‍സുലേറ്റഡ് സബ്സ്റ്റേഷനുപകരം നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച്ഗിയര്‍ സബ്സ്റ്റേഷനാണ് സ്ഥാപിച്ചിരിക്കുന്നത്. പൂര്‍ണമായും ഓട്ടോമാറ്റിക് നിയന്ത്രണ സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന സബ്സ്റ്റേഷനില്‍ 220/110 കെ.വി യുടെ 100 എം.വി.എ. ശേഷിയുള്ള രണ്ടും, 110/11 കെ.വി യുടെ 20 എം.വി.എ. ശേഷിയുള്ള രണ്ടും ട്രാന്‍സ്ഫോര്‍മറുകളാണുള്ളത്. കൂടാതെ മുട്ടത്തറയിലും വേളിയിലുമുള്ള 110 കെ.വി സബ്സ്റ്റേഷനുകള്‍ക്കായി ഓരോ 110 കെ വി ഭൂഗര്‍ഭ കേബിള്‍ ഫീഡറുകള്‍ക്കായുള്ള അനുബന്ധ ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കാട്ടാക്കട 220 കെ.വി. സബ്സ്റ്റേഷനില്‍ നിന്നും 10.2 കിലോമീറ്റര്‍ നീളത്തില്‍ മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടി വോള്‍ട്ടേജ് ലൈനും 10.5 കിലോമീറ്റര്‍ നീളത്തില്‍ 220 കെ.വി. ഡബിള്‍ സര്‍ക്യൂട്ട് ലൈനും നിര്‍മ്മിച്ചാണ് പുതിയ വിഴിഞ്ഞം 220 കെ.വി. സബ്സ്റ്റേഷനിലേക്കും,വിഴിഞ്ഞംപോര്‍ട്ട് 220 കെ.വി. സബ്സ്റ്റേഷനിലേക്കും വൈദ്യുതി എത്തിക്കുന്നത്.
വിനോദസഞ്ചാരം, ദേശീയപാതാ വികസനം എന്നിവയോടനുബന്ധിച്ച് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ പ്രദേശത്തെ വൈദ്യുതി ആവശ്യകത വിഴിഞ്ഞം തുറമുഖത്തിന്റെ വികസനം യഥാര്‍ഥ്യമാകുന്നതോടെ പതിന്മടങ്ങ് വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. വിഴിഞ്ഞം 220 കെ.വി സബ്സ്റ്റേഷന് യാഥാര്‍ഥ്യമായതോടെ ഈ വര്‍ദ്ധിത ആവശ്യകതയ്ക്കനുസരിച്ച് ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാക്കാന്‍ കഴിയും.

