അരുവിക്കര : ഒൻപത് വയസ്സുകാരിയെ ക്രൂരമായി മർദിച്ച കേസിൽ രണ്ടാനച്ഛനെ അറസ്റ്റുചെയ്തു. നെട്ടയം ആശ്രമം റോഡ് ശാരദാദേവിപുരം ഉഷാ ഭവനിൽനിന്ന് തറട്ടയിലെ വാടക വീട്ടിൽ താമസിക്കുന്ന വിഷ്ണു (28) വിനെ ആണ് അരുവിക്കര പോലീസ് അറസ്റ്റുചെയ്തത്.കാച്ചാണി സ്വദേശിനിയായ രണ്ട് മക്കളുള്ള യുവതിക്കൊപ്പം താമസിക്കുകയായിരുന്ന വിഷ്ണു മദ്യപിച്ചെത്തി കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ എട്ടാം തീയതി ഇളയകുട്ടിയുമായി യുവതി പേരൂർക്കട ആശുപത്രിയിൽ ചികിത്സയ്ക്ക് അഡ്മിറ്റായപ്പോൾ മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഒൻപതുവയസ്സുകാരിയെ ശകാരിക്കുകയും വളർത്തുനായയുടെ മുന്നിൽ നിർത്തി പേടിപ്പിച്ച് ഓലമടൽകൊണ്ട് ക്രൂരമായി അടിക്കുകയും ചെയ്തു. ഈ സമയം വീട്ടിലെത്തിയ യുവതിയുടെ മാതാവ് കുട്ടിയെ പേരൂർക്കട ആശുപത്രിയിലുള്ള അമ്മയുടെ അടുത്തേക്കു കൊണ്ടുപോയി. ഇവർക്കുപിന്നാലെ ആശുപത്രിയിലെത്തിയ വിഷ്ണു കുട്ടിയുടെ അമ്മൂമ്മയെയും മറ്റൊരു ബന്ധുവിനെയും മർദിച്ചു. മർദനമേറ്റവർ പേരൂർക്കട പോലീസിൽ പരാതി നൽകി. കുട്ടിയെ മർദിച്ച കേസ് അരുവിക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ബുധനാഴ്ച രാവിലെ കുട്ടിയേയുംകൂട്ടി അമ്മൂമ്മ അവിടെയെത്തി പരാതി നൽകുകയായിരുന്നു


