Search
Close this search box.

മെഡിക്കല്‍ കോളേജിൽ ഗര്‍ഭിണിയ്ക്ക് ഒരേസമയം സിസേറിയനും സങ്കീര്‍ണ ന്യൂറോ സര്‍ജറിയും; അമ്മയേയും കുഞ്ഞിനേയും രക്ഷിച്ചു

IMG_20220826_112019_(1200_x_628_pixel)

 

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജിലെത്തിച്ച കൊച്ചുവേളി സ്വദേശി 22 കാരിയ്ക്ക് എത്രയും വേഗം സിസേറിയനും സങ്കീര്‍ണ ന്യൂറോ സര്‍ജറിയും നടത്തി മാതൃകയായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. അത്യാഹിത വിഭാഗത്തിലെത്തിച്ച യുവതിയ്ക്കായി അതിവേഗം മള്‍ട്ടി ഡിസിപ്ലിനറി ടീമിനെ സജ്ജമാക്കിയാണ് അമ്മയേയും കുഞ്ഞിനേയും രക്ഷിച്ചത്. രാവിലെ 10.30 ഓടെ മെഡിക്കല്‍ കോളേജിലെത്തിച്ച യുവതിയെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററില്‍ 11 മണിയോടെ ശസ്ത്രക്രിയ നടത്താനായി. അമ്മ മെഡിക്കല്‍ കോളേജ് ഐസിയുവിലും കുഞ്ഞ് എസ്.എ.ടി. ആശുപത്രിയിലും തീവ്ര പരിചരണത്തിലാണ്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 

മാതൃകാപരമായ സേവനം നടത്തി അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. മെഡിക്കല്‍ കോളേജില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷേറ്റീവിന്റെ വിജയം കൂടിയാണിത്. ഈ പദ്ധതിയുടെ ഭാഗമായി അത്യാഹിത വിഭാഗത്തില്‍ തന്നെ പ്രധാന വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കിയിരുന്നു. സീനിയര്‍ ഡോക്ടര്‍മാരുടെ സേവനവും അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും ലഭ്യമാക്കിയിരുന്നു.

 

ചെവ്വാഴ്ച രാവിലെയാണ് യുവതിയും ഭര്‍ത്താവും സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ യുവതിയെ ഗര്‍ഭചികിത്സയ്ക്കായി കാണിച്ചുകൊണ്ടിരുന്ന തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പിന്നീട് ബന്ധുക്കള്‍ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.

 

അത്യാഹിത വിഭാഗത്തിലെത്തിച്ച യുവതിയെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ച് റെഡ് സോണിലേക്ക് മാറ്റി വിദഗ്ധ പരിചരണം ഉറപ്പാക്കി. യുവതി 9 മാസം ഗര്‍ഭിണിയാണ്. തലയില്‍ രക്തസ്രാവമുള്ളതിനാല്‍ അമ്മയെ രക്ഷിക്കാന്‍ ഉടന്‍ തന്നെ സങ്കീര്‍ണ ന്യൂറോ സര്‍ജറി നടത്തണം. കുഞ്ഞിനെ രക്ഷിക്കാന്‍ ഉടന്‍ തന്നെ സിസേറിയന്‍ ചെയ്യണം. മിനിറ്റുകള്‍ക്കുള്ളില്‍ മള്‍ട്ടി ഡിസിപ്ലിനറി ടീമിനെ സജ്ജമാക്കി. എസ്.എ.ടി.യില്‍ നിന്നും അടിയന്തരമായി ഗൈനക്കോളജിസ്റ്റിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

 

ഗൈനക്കോളജിസ്റ്റ് എത്തിയപ്പോഴേയ്ക്കും സജര്‍ജറിയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ആദ്യം സിസേറിയന്‍ നടത്തി കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് വിഭാഗത്തിലെത്തിച്ചു. തുടര്‍ന്ന് തലയോട്ടി തുറന്ന് സങ്കീര്‍ണ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന യുവതിയെ ഇന്ന് രാവിലെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. യുവതി സുഖം പ്രാപിച്ചു വരുന്നു.

 

സര്‍ജറി വിഭാഗം ഡോ. ഇന്ദുചൂഢന്‍, ന്യൂറോളജി വിഭാഗം ഡോ. രാജ്‌മോഹന്‍, ഡോ. രാജ്, ഗൈനക്കോളജി വിഭാഗം ഡോ. ഗീതാഞ്ജലി, അനസ്തീഷ്യ വിഭാഗം ഡോ. ഉഷാ കുമാരി, ഡോ. മിര്‍സ എന്നിവര്‍ സര്‍ജറിയ്ക്ക് നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!