തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി കൊല്ലം സ്വദേശി സെന്തിൽകുമാർ ഇന്ന് പൊലീസിന് മുന്നിൽ ഹാജരായേക്കും. ഭാര്യ മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിൽ പ്രതി സെന്തിൽകുമാറിനോട് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ കോടതി ഉത്തരവ് ഇട്ടിരുന്നു.പ്രതി സെന്തിൽകുമാർ നൽകിയ മുൻകൂർ ജാമ്യാ അപേക്ഷയിൻമേൽ ആറാം അഡീഷണൽ ജഡ്ജ് കെ.വിഷ്ണു ആണ് ഉത്തരവിട്ടത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്പക്ടർ മുമ്പാകെ ഇന്ന് (28-11-2022) രാവിലെ 10 മണിക്ക് ഹാജരാകാനാണ് ഉത്തരവിട്ടത്.അന്വേഷണം പൂർത്തിയാക്കി പ്രതിയെ അറസ്റ്റ് ചെയ്യേണ്ടി വന്നാൽ 50000/- രൂപയുടെ രണ്ട് ജാമ്യക്കാരുടെ ബോണ്ടിൽ മേൽ പ്രതിക്ക് ജാമ്യം നൽകി വിട്ടയക്കണമെന്നും ഉത്തരവിൽ പറയുന്നു.കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ പ്രതി കേരളം വിട്ട് പോകാൻ പാടില്ല.സർക്കാരിന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ ഹാജരായി. പ്രതിക്ക് വേണ്ടി അഡ്വ. ആർ വിഷ്ണു രാജ് ഹാജരായി