‘കെമു’ പദ്ധതി എക്‌സൈസിനെ ശക്തിപ്പെടുത്തും: മന്ത്രി എം ബി രാജേഷ്

IMG_20230411_231744_(1200_x_628_pixel)

തിരുവനന്തപുരം :കേരളത്തിലെ എക്‌സൈസ് വകുപ്പ് നവീകരണത്തിന്റെ പാതയിലാണെന്നും അതിനെ ശക്തിപെടുത്താന്‍ ഉതകുന്ന പദ്ധതിയാണ് ‘കെമു’വെന്നും (കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ്) എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കെമുവിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

‘കെമു’ ആരംഭിക്കുന്നതോടെ ലഹരിക്കടത്ത് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സൈസ് ഓഫീസര്‍മാരടങ്ങിയ പരിശോധനാസംഘം അതിര്‍ത്തിയിലെ ഇടറോഡുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഏതു വാഹനവും എവിടെവച്ചും പരിശോധിക്കാന്‍ ഇവര്‍ക്ക് അധികാരവുമുണ്ട്. അടുത്തഘട്ടമായി മറ്റ് അതിര്‍ത്തി ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ചെക്ക് പോസ്റ്റ് ഇല്ലാത്ത അതിര്‍ത്തികള്‍ വഴിയുള്ള ലഹരിക്കടത്ത് തടയാനായാണ് ‘കെമു’ എന്നറിയപ്പെടുന്ന കേരള എക്‌സൈസസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് ആരംഭിക്കുന്നത്. 36 ലക്ഷം രൂപ ചിലവഴിച്ചാണ് നാല് മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ ഇതിനായി വാങ്ങിയത്.

നിലവില്‍ തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളില്‍ എക്‌സൈസിന് 41 ചെക്ക് പോസ്റ്റുണ്ട്. റോഡുകളും പാലങ്ങളും വര്‍ധിച്ചതോടെ ഇവ മതിയാകാതെ വന്നു. ഇതോടെയാണ് ചെക്ക് പോസ്റ്റ് ഇല്ലാത്ത റോഡുകള്‍ വഴിയുള്ള മദ്യ, മയക്കുമരുന്ന് കടത്ത് തടയാന്‍ കെമു രൂപീകരിച്ചത്. ആദ്യഘട്ടമായി തിരുവനന്തപുരം, വയനാട്, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓരോ യൂണിറ്റ് പ്രവര്‍ത്തിക്കും.

അമരവിള ജി.എസ്.ടി പാര്‍ക്കിംഗ് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ കെ. ആന്‍സലന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പി കെ രാജ് മോഹനന്‍, എക്‌സൈസ് കമ്മീഷണര്‍ എസ്. ആനന്ദകൃഷ്ണന്‍ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular