വിഴിഞ്ഞം: സൈക്കിളിൽ സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ പിന്നിലൂടെ എത്തിയ തെരുവുനായ ആക്രമിച്ചു.
ചാവടിനട ഗവ. മോഡൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അശ്വിനാണ് കടിയേറ്റത്. ഇന്നലെ രാവിലെ വെങ്ങാനൂർ നീലകേശിക്ക് സമീപം കനാൽ ബണ്ടിൽവച്ചാണ് സംഭവം.
ഇടതുകാലിന് കടിയേറ്റ വിദ്യാർത്ഥിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നായയുടെ ആക്രമണത്തിൽ നിന്ന് കുട്ടിയെ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി