തിരുവനന്തപുരം: മഴയ്‌ക്ക് മുമ്പ് ഓടകൾ പൂർണമായും വൃത്തിയാക്കാനും തോടുകളിലെ മാലിന്യങ്ങൾ മാറ്റി ഒഴുക്ക് സുഗമമാക്കാനും ലക്ഷ്യമിട്ടുള്ള നഗരസഭയുടെ മഴക്കാല പൂർവ ശുചീകരണം ആരംഭിച്ചു.
മേയ് പകുതിയോടെ ശുചീകരണം പൂർത്തിയാക്കാനാണ് നീക്കം.
101 വാർഡിനും ഒരുലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. കൗൺസിലറും വാർഡിന്റെ ചുമതലയുള്ള ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും സംയുക്തമായി ആരംഭിക്കുന്ന അക്കൗണ്ടുകളിലാണ് പണം ലഭ്യമാക്കുക. കഴിഞ്ഞ ദിവസം മുതൽ പണം അക്കൗണ്ടുകളിൽ നൽകിത്തുടങ്ങി.
പണം ലഭിച്ച വാർഡുകളിലാണ് ആദ്യഘട്ടത്തിൽ ശുചീകരണം ആരംഭിക്കുക. ഒരാഴ്ചക്കുള്ളിൽ എല്ലാ വാർഡുകൾക്കുമുള്ള പണം നൽകുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.